യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ ഫോണുകള്‍ പോലീസ് അറസ്റ്റ് ചെയ്യാതെ തന്നെ ആദ്യം പിടിച്ചെടുക്കും. ചെറുബോട്ട് ചാനല്‍ ക്രോസിംഗുകളും മനുഷ്യക്കടത്ത് സംഘങ്ങളും തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ അധികാരങ്ങള്‍ പൊലീസിന് നല്‍കുന്നത്.
വിസ കാലാവധി കഴിഞ്ഞും യുകെയില്‍ തുടരുന്നവരെയും ഈ നിയമം ബാധിക്കും. ഇവരുടെ താമസസ്ഥലങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നവരെ പിടികൂടാനും ഫോണ്‍ ഡാറ്റ വിവരങ്ങള്‍ ഉപയോഗിക്കാനാണ് പദ്ധതി.
കെന്റിലെ മാന്‍സ്റ്റണിലുള്ള പ്രോസസ്സിംഗ് സെന്ററിലെ ഉദ്യോഗസ്ഥര്‍, കുടിയേറ്റക്കാര്‍ സുരക്ഷാ, തിരിച്ചറിയല്‍ പരിശോധനകള്‍ക്ക് വിധേയരാകുന്നതിനാല്‍, കള്ളക്കടത്ത് ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫോണുകളിലെ ഡാറ്റ ആക്സസ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനി ഉപയോഗിക്കും.
കഴിഞ്ഞ മാസം നിയമമായ അതിര്‍ത്തി സുരക്ഷ, അഭയം, കുടിയേറ്റ നിയമം അന്വേഷണങ്ങള്‍ക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നിയമപ്രകാരം, കുടിയേറ്റക്കാരെ കൊണ്ടുവരുന്നതിനായി ബോട്ട് എഞ്ചിനുകള്‍ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ, ബോട്ടുകള്‍ ഏര്‍പ്പെടുത്തി നല്‍കുകയോ ചെയ്താല്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിരവധി ക്രിമിനല്‍ കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 41,472 കുടിയേറ്റക്കാര്‍ ചാനല്‍ മുറിച്ചുകടന്നത് റെക്കോര്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന കണക്കാണ്. 2024-ലെ 36,816 പേരെ അപേക്ഷിച്ച് ഇത് 13 ശതമാനം കൂടുതലാണ്. എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 2022-ല്‍ രേഖപ്പെടുത്തിയ 45,774 ആണ്.
അതിര്‍ത്തി സുരക്ഷാ മന്ത്രി അലക്‌സ് നോറിസ് പറഞ്ഞു: ''ഞങ്ങളുടെ അതിര്‍ത്തികളില്‍ ക്രമസമാധാനവും നിയന്ത്രണവും പുനഃസ്ഥാപിക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തു. ഈ മാരകമായ വ്യാപാരത്തിന് പിന്നിലെ മനുഷ്യക്കടത്ത് ശൃംഖലകളെ നേരിടാനാണ് നടപടികള്‍.''
അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''നിയമവിരുദ്ധമായി കുടിയേറ്റക്കാര്‍ ഇവിടെ വരുന്നത് ആകര്‍ഷകമാക്കാതിരിക്കാനും, ആളുകളെ വേഗത്തില്‍ നീക്കം ചെയ്യാനും നാടുകടത്താനും വേണ്ടിയുള്ള വിപുലമായ പരിഷ്‌കാരങ്ങളോടെയാണ് ഈ നടപടി.