ലണ്ടന്‍: ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തിയാല് ബ്രിട്ടന്റെ കുടിയേറ്റ നയങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അവതരിപ്പിച്ച പുതിയ അഭയാര്‍ഥി നിയന്ത്രണങ്ങള്‍ക്ക് ബേണ്‍ഹാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിയമപരമായി യുകെയിലെത്തിയ കുടിയേറ്റക്കാരുടെ കാര്യത്തില്‍ കൂടുതല്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചേക്കുമെന്നാണ് സൂചന. അനധികൃത കുടിയേറ്റക്കാരെയും വിദേശ കുറ്റവാളികളെയും നാടുകടത്തുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കുന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. നാടുകടത്തല്‍ തടയുന്നതിനായി മനുഷ്യാവകാശ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുക, അഭയാര്‍ഥി അപ്പീലുകളുടെ നടപടികള്‍ വേഗത്തിലാക്കുക, നികുതിദായകരുടെ ചെലവില്‍ ലഭിച്ച താമസസൗകര്യത്തിനുള്ള തുക ചില സാഹചര്യങ്ങളില്‍ കുടിയേറ്റക്കാരില്‍നിന്ന് തിരിച്ചുപിടിക്കുക തുടങ്ങിയ വ്യവസ്ഥകളും പരിഷ്കാരങ്ങളില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന് ലഭിക്കുന്നതിനുള്ള യോഗ്യതാകാലം നിലവിലെ അഞ്ചുവര്‍ഷത്തില്‍നിന്ന് പത്തുവര്‍ഷമായി ഉയര്‍ത്താനുള്ള നിര്‍ദേശത്തില്‍ ഇളവ് വരുത്തുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരം. ഇതിനകം യുകെയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 16 ലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള നിലവിലെ അവസരം തുടരണമെന്ന നിര്‍ദേശമാണ് ചര്‍ച്ചയിലുള്ളത്. ഇതിന് പകരമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. യുകെയില്‍ ഇതിനകം താമസമാക്കിയവരെ പുതിയ നിയമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ബേണ്‍ഹാം നേരത്തേ ചോദ്യം ചെയ്തിരുന്നു. ഷബാന മഹ്മൂദിന്റെ അഭയാര്‍ഥി നിയന്ത്രണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം നിയമപരമായി രാജ്യത്തെത്തിയവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന സമീപനം ബേണ്‍ഹാം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കെയര്‍ വര്‍ക്കര്‍മാരായി യുകെയിലെത്തിയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ ഈ നീക്കം പ്രതീക്ഷ നല്‍കുന്നതായാണ് വിലയിരുത്തല്‍.