Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
UK Special
  Add your Comment comment
35 മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ സൂക്ഷിച്ചു; മുന്‍ ഫ്യൂണറല്‍ ഡയറക്ടര്‍ക്ക് ഇന്ന് ശിക്ഷ
reporter

ലണ്ടന്‍: മൃതദേഹങ്ങള്‍ മാസങ്ങളോളം സംസ്‌കരിക്കാതെ സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ശവസംസ്‌കാര സേവനങ്ങളുടെ പേരില്‍ കുടുംബങ്ങളെ കബളിപ്പിക്കുകയും ചെയ്ത കേസില്‍ ഇംഗ്ലണ്ടിലെ ഹള്ളിലുള്ള ലെഗസി ഇന്‍ഡിപെന്‍ഡന്റ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് സ്ഥാപനത്തിന്റെ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് ബുഷിന് (48) ഇന്ന് ഹള്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിക്കും. 2024 മാര്‍ച്ചില്‍ ഹംബര്‍സൈഡ് പൊലീസ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് 35 മൃതദേഹങ്ങളും നിരവധി മനുഷ്യശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. ഇവയില്‍ ജോവാന്‍ മൂഡിയുടെ പിതാവ് പീറ്റര്‍ മൂഡിയുടെ (65) മൃതദേഹവും ഉള്‍പ്പെട്ടിരുന്നു. ചില മൃതദേഹങ്ങള്‍ ഒരുവര്‍ഷത്തോളമായി നിയമാനുസൃതമായി സംസ്‌കരിക്കാതെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മൃതശരീരങ്ങള്‍ നിയമാനുസൃതമായി സംസ്‌കരിക്കുന്നതില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട 30 കേസുകള്‍ ഉള്‍പ്പെടെ ആകെ 67 കുറ്റങ്ങള്‍ റോബര്‍ട്ട് ബുഷ് കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതില്‍ 35 തട്ടിപ്പ് കേസുകളും ശവസംസ്‌കാര പദ്ധതികളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ബിസിനസ് നടത്തിയതും വിവിധ ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കായി ശേഖരിച്ച സംഭാവനകള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ഉള്‍പ്പെടുന്നു.

പിതാവിന്റെ മൃതദേഹം സംസ്‌കരിച്ചെന്ന വിശ്വാസത്തിലായിരുന്നു കുടുംബമെന്നും മൂന്നുമാസത്തിനുശേഷമാണ് യാഥാര്‍ഥ്യം അറിഞ്ഞതെന്നും മകള്‍ ജോവാന്‍ മൂഡി പറഞ്ഞു. തുടര്‍ന്ന് 2024 ജൂണില്‍ കുടുംബം പീറ്റര്‍ മൂഡിക്കായി വീണ്ടും ശവസംസ്‌കാരച്ചടങ്ങ് നടത്തി. ആദ്യം നടത്തിയ ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്ക് മതിയായ സമയംപോലും അനുവദിക്കാതെ ശുശ്രൂഷ അവസാനിപ്പിച്ചതായും ജോവാന്‍ ആരോപിച്ചു. തന്റെ കരിയറിനിടെ രണ്ടായിരത്തിലേറെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്ക് റോബര്‍ട്ട് ബുഷ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കേസന്വേഷണത്തിനൊടുവില്‍ ഹീത്രോ വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നാണ് ഹംബര്‍സൈഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശിക്ഷാവിധി കേള്‍ക്കുന്നതിനായി തിങ്കളാഴ്ച ഹള്‍ ക്രൗണ്‍ കോടതിയിലെത്തിയ ബുഷിനോട് പശ്ചാത്താപമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ''അതെ, എനിക്ക് ഖേദമുണ്ട്'' എന്നായിരുന്നു മറുപടി. ഇരകളുടെ കുടുംബങ്ങളോട് ക്ഷമാപണം അറിയിച്ച് കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോടതിക്കു പുറത്ത് പ്രതിഷേധിച്ചവര്‍ ലെഗസി ഫ്യൂണറല്‍ ഹോം വിവാദം ചൂണ്ടിക്കാട്ടി ശവസംസ്‌കാര മേഖലയെ നിയന്ത്രിക്കുന്നതിന് കര്‍ശന നിയമനിര്‍മാണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window