Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
UK Special
  Add your Comment comment
എ66 റോഡില്‍ ഭീകരാപകടം; രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
reporter

ലണ്ടന്‍/മിഡില്‍സ്ബറോ: വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയ്ക്ക് സമീപം എ66 റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ മരിച്ചു. സൗത്ത് ബാങ്കില്‍ 22-ാം തീയതി പുലര്‍ച്ചെ 3.39ഓടെയായിരുന്നു അപകടം. ക്ലീവ്‌ലന്‍ഡ് പൊലീസിന്റെ വാഹനവും അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന ഫോക്‌സ്വാഗണ്‍ പാസാറ്റ് കാറുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയില്‍ സഞ്ചരിച്ച പാസാറ്റ്, എ66 റോഡിലൂടെ ശരിയായ ദിശയില്‍ വന്ന പൊലീസ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രണ്ട് വാഹനങ്ങളിലുമുണ്ടായിരുന്ന ഏഴുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന് മുമ്പ് സംശയാസ്പദമായി തോന്നിയ ഒരു വാഹനം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പിന്തുടര്‍ന്നിരുന്നതായാണ് വിവരം. പിന്നാലെ വാഹനം എ66 റോഡിലേക്ക് പ്രവേശിക്കുകയും പൊലീസ് വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി സ്വതന്ത്ര പൊലീസ് പെരുമാറ്റ നിരീക്ഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ക്ലീവ്‌ലന്‍ഡ് പൊലീസ് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് നോര്‍മന്‍ബി റോഡിനും ചര്‍ച്ച് ലെയിനിനും ഇടയില്‍ എ66 റോഡ് ഇരുദിശകളിലും അടച്ചു. വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനമാണ് സ്ഥലത്ത് നടന്നത്. നോര്‍ത്ത് ഈസ്റ്റ് ആംബുലന്‍സ് സര്‍വീസിന്റെ 14 യൂണിറ്റുകള്‍ സ്ഥലത്തെത്തി. അടിയന്തര ആംബുലന്‍സ് സംഘങ്ങള്‍, പ്രത്യേക പരിശീലനം നേടിയ പാരാമെഡിക്കുകള്‍, ഹസാര്‍ഡസ് ഏരിയ റെസ്‌പോണ്‍സ് ടീം, ഗ്രേറ്റ് നോര്‍ത്ത് എയര്‍ ആംബുലന്‍സ് സര്‍വീസിലെ ഡോക്ടര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ക്ലീവ്‌ലന്‍ഡ് പൊലീസ് ആസ്ഥാനത്ത് പതാകകള്‍ പകുതി താഴ്ത്തി. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും മറ്റ് മരിച്ചവരുടെ ബന്ധുക്കള്‍ക്കും പ്രത്യേക പിന്തുണ നല്‍കിവരികയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രധാനമന്ത്രി ആന്‍ഡി ബേണെം ദുഃഖം രേഖപ്പെടുത്തി. മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും അഞ്ച് പൊതുജനങ്ങളുടെയും കുടുംബാംഗങ്ങള്‍ക്കും ക്ലീവ്‌ലന്‍ഡ് പൊലീസിനും അനുശോചനം അറിയിച്ച അദ്ദേഹം, അത്യന്തം ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അടിയന്തര സേവന വിഭാഗങ്ങളെയും അഭിനന്ദിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ സംഭവത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദും അനുശോചനം അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഓരോ ദിവസവും സ്വന്തം ജീവന്‍ പോലും പണയംവയ്ക്കുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥരെന്ന് അവര്‍ പറഞ്ഞു. ഡ്യൂട്ടിയിലായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും അപകടത്തില്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും പിന്തുണ അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി.

അപകടം നടന്ന റെഡ്കാര്‍ മണ്ഡലത്തിലെ എംപി അന്ന ടര്‍ലിയും ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ അവര്‍, രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ച അടിയന്തര സേവന വിഭാഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. അന്വേഷണം നടക്കുന്നതിനാല്‍ സമൂഹമാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ക്ലീവ്‌ലന്‍ഡ് പൊലീസ് ആന്‍ഡ് ക്രൈം കമ്മിഷണര്‍ മാറ്റ് സ്റ്റോറി സംഭവത്തെ 'ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്. ഏഴുപേരുടെയും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം അനുശോചനം അറിയിച്ചു. രണ്ട് ഉദ്യോഗസ്ഥരുടെ മരണം ക്ലീവ്‌ലന്‍ഡ് പൊലീസ് സമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലീവ്‌ലന്‍ഡ് പൊലീസ് ഫെഡറേഷന്‍ ചെയര്‍ ലോറന്‍ സോമര്‍വില്‍, പൊലീസ് കുടുംബം അനുഭവിക്കുന്ന വേദനയ്ക്ക് വാക്കുകളില്ലെന്ന് പ്രതികരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങേണ്ടിയിരുന്ന സഹപ്രവര്‍ത്തകര്‍ ഇനി മടങ്ങിയെത്തില്ലെന്നത് വിശ്വസിക്കാനാകാത്ത നഷ്ടമാണെന്നും അവര്‍ പറഞ്ഞു.

ക്ലീവ്‌ലന്‍ഡ് പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ വിക്ടോറിയ ഫുള്ളറും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. സമൂഹത്തെ സംരക്ഷിക്കാന്‍ വീട്ടില്‍നിന്നിറങ്ങുന്ന ആരും തിരിച്ചെത്താതെ പോകരുതെന്നും പൊലീസില്‍ സേവനം ചെയ്യുന്നവര്‍ക്കും അതേ അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ ദുരന്തം ക്ലീവ്‌ലന്‍ഡ് സമൂഹത്തിലും പൊലീസ് കുടുംബത്തിലും ആഴത്തിലുള്ള ആഘാതമുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ പേരുകള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിരിച്ചറിഞ്ഞവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേക സഹായം നല്‍കിവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window