Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 18th Oct 2026
 
 
UK Special
  Add your Comment comment
1,295.8 കിലോ ഭാരമുള്ള 'ബഗീര'; ഭീമന്‍ മത്തങ്ങ വളര്‍ത്തി ബ്രിട്ടീഷ് കര്‍ഷകന് ലോക റെക്കോര്‍ഡ്
reporter

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്തങ്ങ വളര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബ്രിട്ടീഷ് കര്‍ഷകന്‍ ഇയാന്‍ പാറ്റണ്‍. ഹാംഷെയറില്‍ നഴ്‌സറി നടത്തുന്ന ഇയാന്‍ വളര്‍ത്തിയ 'ബഗീര' എന്ന മത്തങ്ങയ്ക്ക് 1,295.8 കിലോഗ്രാമാണ് ഭാരം. ഒക്ടോബര്‍ മൂന്നിന് നടന്ന തൂക്കപരിശോധനയിലാണ് നേട്ടം അംഗീകരിച്ചത്.

കഴിഞ്ഞവര്‍ഷം ഇരട്ടസഹോദരന്‍ സ്റ്റ്യുവാര്‍ട്ടിനൊപ്പം സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡാണ് ഇയാന്‍ മറികടന്നത്. അന്ന് ഇരുവരും വളര്‍ത്തിയ 'മഗിള്‍' എന്ന മത്തങ്ങയ്ക്ക് 1,278.8 കിലോഗ്രാമായിരുന്നു ഭാരം. ഏകദേശം അമ്പതുവര്‍ഷമായി ഭീമന്‍ മത്തങ്ങകള്‍ വളര്‍ത്തുന്ന സഹോദരങ്ങളില്‍ സ്റ്റ്യുവാര്‍ട്ട് മത്സരരംഗത്തുനിന്ന് വിരമിച്ചതോടെ ഇത്തവണ ഇയാന്‍ ഒറ്റയ്ക്കാണ് ശ്രമം നടത്തിയത്. മകന്റെ നിര്‍ദേശപ്രകാരമാണ് പുതിയ മത്തങ്ങയ്ക്ക് 'ദി ജംഗിള്‍ ബുക്കി'ലെ കഥാപാത്രമായ ബഗീരയുടെ പേര് നല്‍കിയത്. ഈ വര്‍ഷം ഇയാന്‍ വളര്‍ത്തിയ 'ബലൂ' എന്ന മറ്റൊരു മത്തങ്ങയും ശ്രദ്ധ നേടിയിരുന്നു. സെപ്റ്റംബറിലെ മാല്‍വെന്‍ ഓട്ടം ഷോയില്‍ അതിന്റെ ഭാരം 1,258 കിലോഗ്രാമായി രേഖപ്പെടുത്തി.

ദിവസവും ആറുമണിക്കൂറോളം നീണ്ട പരിചരണമാണ് നേട്ടത്തിന് പിന്നില്‍. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗ്രീന്‍ഹൗസിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയത് വെല്ലുവിളിയായി. ഏറ്റവും ചൂടേറിയ ദിവസങ്ങളില്‍ ചെടികള്‍ക്ക് 590 ലിറ്റര്‍വരെ വെള്ളം നല്‍കേണ്ടിവന്നു. ഗോള്‍ഫ് പന്തിന്റെ വലിപ്പത്തില്‍നിന്ന് 120 ദിവസംകൊണ്ടാണ് ബഗീര ഈ ഭീമാകാരത്തിലെത്തിയത്. റെക്കോര്‍ഡോടെ ശ്രമം അവസാനിപ്പിക്കാന്‍ ഇയാന്‍ തയ്യാറല്ല. ഇനി 3,000 പൗണ്ട് ഭാരമുള്ള മത്തങ്ങ വളര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window