ലണ്ടന്: ബ്രിട്ടീഷ് സമ്മര് ടൈം അവസാനിക്കുന്നതോടെ യുകെയില് ഒക്ടോബര് 25 ഞായറാഴ്ച ക്ലോക്കുകള് ഒരു മണിക്കൂര് പിന്നോട്ടാക്കും. പുലര്ച്ചെ രണ്ടുമണിക്ക് സമയം ഒരു മണിയായി പുനഃക്രമീകരിക്കുന്നതോടെ രാജ്യം ഗ്രീനിച്ച് മീന് ടൈമിലേക്ക് മടങ്ങും. ഇതോടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമയവ്യത്യാസം നിലവിലെ നാലര മണിക്കൂറില്നിന്ന് അഞ്ചര മണിക്കൂറായി വര്ധിക്കും. ഇന്ത്യയില് സമയമാറ്റമില്ലാത്തതിനാല്, ബ്രിട്ടനില് ഉച്ചയ്ക്ക് 12 മണിയാകുമ്പോള് ഇന്ത്യന് സമയം വൈകിട്ട് 5.30 ആയിരിക്കും.
ബ്രിട്ടനിലുള്ള മലയാളികള്ക്ക് നാട്ടിലേക്കുള്ള ഫോണ്വിളികള്, ഓണ്ലൈന് യോഗങ്ങള്, മറ്റ് പരിപാടികള് എന്നിവ ക്രമീകരിക്കുമ്പോള് പുതിയ സമയവ്യത്യാസം പരിഗണിക്കേണ്ടിവരും. ഇരുരാജ്യങ്ങളിലുമായി പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളുടെ യോഗസമയങ്ങളിലും ഈ മാറ്റം പ്രസക്തമാണ്. എല്ലാ വര്ഷവും മാര്ച്ചിലെ അവസാന ഞായറാഴ്ച ക്ലോക്കുകള് ഒരു മണിക്കൂര് മുന്നോട്ടാക്കുകയും ഒക്ടോബറിലെ അവസാന ഞായറാഴ്ച ഒരു മണിക്കൂര് പിന്നോട്ടാക്കുകയും ചെയ്യുന്നതാണ് ബ്രിട്ടനിലെ രീതി. വേനല്ക്കാലത്ത് വൈകുന്നേരങ്ങളിലെ പകല്വെളിച്ചം കൂടുതല് പ്രയോജനപ്പെടുത്താനാണ് ബ്രിട്ടീഷ് സമ്മര് ടൈം പിന്തുടരുന്നത്. അടുത്ത വര്ഷം മാര്ച്ച് 28ന് ക്ലോക്കുകള് വീണ്ടും ഒരു മണിക്കൂര് മുന്നോട്ടാക്കും. അതോടെ ഇന്ത്യയുമായുള്ള സമയവ്യത്യാസം വീണ്ടും നാലര മണിക്കൂറാകും.