ലണ്ടന്: മൂന്നുവയസ്സുകാരനെ സുരക്ഷിതമായ മേല്നോട്ടമില്ലാതെ അപകടസാഹചര്യത്തിലാക്കിയ കേസില് മഹ്റ അല് നഹ്യാന് (32) കോടതിയില് കുറ്റം സമ്മതിച്ചു. വിവാഹത്തിലൂടെ അബുദാബി രാജകുടുംബവുമായി ബന്ധമുള്ള ഇവര്ക്ക് കോടതി രണ്ടുവര്ഷത്തെ കമ്മ്യൂണിറ്റി ഓര്ഡറും പുനരധിവാസ വ്യവസ്ഥയും വിധിച്ചു. പിഴയും അനുബന്ധ ചെലവുകളുമായി 6,114 പൗണ്ട് അടയ്ക്കാനും ഉത്തരവിട്ടതായി റിപ്പോര്ട്ട്. ജൂണ് 13നാണ് കേസിനാസ്പദമായ സംഭവം. ലണ്ടനിലെ തിരക്കേറിയ റോഡരികില് മഹ്റയെയും മറ്റൊരു പുരുഷനെയും അബോധാവസ്ഥയില് കണ്ടെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മൂന്നുവയസ്സുകാരന് വാഹനങ്ങള് കടന്നുപോകുന്ന റോഡിലേക്ക് നീങ്ങുന്നതുകണ്ട് വഴിയാത്രക്കാര് ഇടപെട്ടു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയ ഇവര് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തിയശേഷവും ഏകദേശം അരമണിക്കൂറോളം മഹ്റ പ്രതികരിക്കാനാകാത്ത നിലയിലായിരുന്നുവെന്ന് കോടതിയെ അറിയിച്ചു. ഇവരുടെ ബാഗില് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങള് കണ്ടെത്തിയെങ്കിലും നിരോധിത ലഹരിവസ്തുക്കള് കണ്ടെത്തിയില്ല. സംഭവദിവസം മഹ്റ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും മുന്ദിവസങ്ങളിലെ കൊക്കെയ്ന് ഉപയോഗത്തിനുശേഷമുള്ള ക്ഷീണമാണ് അവസ്ഥയ്ക്ക് കാരണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജൂലൈ മുതല് വോക്കിങ്ങിലെ പ്രയറി സെന്ററില് ഇവര് ലഹരിവിമുക്ത ചികിത്സ തേടുന്നുണ്ടെന്നും അഭിഭാഷകന് അറിയിച്ചു. കുട്ടിയെ ഇത്തരമൊരു സാഹചര്യത്തിലാക്കിയത് ഗുരുതരമായ അശ്രദ്ധയാണെന്ന് കോടതി നിരീക്ഷിച്ചു. വഴിയാത്രക്കാരുടെ സമയോചിതമായ ഇടപെടല് ഉണ്ടായില്ലെങ്കില് കുട്ടിക്ക് പരിക്കേല്ക്കുകയോ കാണാതാകുകയോ ചെയ്യാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.