ലണ്ടന്: പരിചരണത്തിലിരുന്ന 99കാരിയുടെ വിശ്വാസം മുതലെടുത്ത് പണവും സ്വത്തും കൈക്കലാക്കിയതായി കണ്ടെത്തിയ നഴ്സിനെ ബ്രിട്ടനിലെ നഴ്സിങ് രജിസ്റ്ററില്നിന്ന് നീക്കി. നോര്ത്ത് വെയില്സിലെ ഫ്ലിന്റ്ഷയറിലുള്ള ബ്രിന് യര് ഹോള് കെയര് ഹോമില് ഡെപ്യൂട്ടി മാനേജരായിരുന്ന റെബേക്ക ബര്വുഡിനെതിരെയാണ് നടപടി. ഏകദേശം 7.7 ലക്ഷം പൗണ്ട്, അഥവാ 9.6 കോടി രൂപ മൂല്യമുള്ള പണവും സ്വത്തുമാണ് ഇവര് കൈക്കലാക്കിയതെന്നാണ് റിപ്പോര്ട്ടുകള്. 2017 മുതല് 2023 വരെയുള്ള കാലയളവില് വയോധികയുടെ ഏകാന്തതയും ആശ്രിതാവസ്ഥയും വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ബര്വുഡ് ഉപയോഗപ്പെടുത്തിയതായി നഴ്സിങ് ആന്ഡ് മിഡ്വൈഫറി കൗണ്സിലിന്റെ അച്ചടക്കസമിതി കണ്ടെത്തി. വാഹനങ്ങള് വാങ്ങാനും വീടിന്റെ നവീകരണത്തിനും മറ്റ് വ്യക്തിഗത ചെലവുകള്ക്കുമാണ് പണം ഉപയോഗിച്ചതെന്ന് അന്വേഷണത്തില് വ്യക്തമായി. സൗന്ദര്യവര്ധക ശസ്ത്രക്രിയയ്ക്കും പണം ചെലവഴിച്ചതായി ആരോപണമുണ്ട്.
2023 മാര്ച്ചില് വലിയ തോതിലുള്ള പണം പിന്വലിക്കലുകള് ശ്രദ്ധയില്പ്പെട്ട ബാങ്ക് നോര്ത്ത് വെയില്സ് പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്ന്ന് ഫ്ലിന്റ്ഷയര് കൗണ്ടി കൗണ്സില് വിഷയം നഴ്സിങ് ആന്ഡ് മിഡ്വൈഫറി കൗണ്സിലിന് കൈമാറി. വയോധികയെ സ്വന്തം മുത്തശ്ശിയെപ്പോലെയാണ് കണ്ടിരുന്നതെന്നും അടുത്ത വ്യക്തിബന്ധമാണ് തൊഴില്പരമായ അതിരുകള് ലംഘിക്കാന് കാരണമായതെന്നുമായിരുന്നു ബര്വുഡിന്റെ വിശദീകരണം. എന്നാല് വയോധികയുടെ വിശ്വാസം സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്തതായി സമിതി വിലയിരുത്തി. പണം നഷ്ടപ്പെട്ടതോടെ 23 മാസത്തെ പരിചരണച്ചെലവിനുള്ള തുക മാത്രമാണ് വയോധികയ്ക്ക് ശേഷിച്ചതെന്നും അതിനുശേഷം ചെലവ് പ്രാദേശിക ഭരണകൂടം ഏറ്റെടുക്കേണ്ടിവരുമെന്നും സമിതി കണ്ടെത്തി. ഗുരുതരമായ തൊഴില്പരമായ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് രജിസ്റ്ററില്നിന്ന് നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.