ലണ്ടന്: സമ്പന്നരായ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്ഷിക്കാന് നിക്ഷേപക വിസ പദ്ധതി വീണ്ടും കൊണ്ടുവരുന്നത് ബ്രിട്ടീഷ് സര്ക്കാര് പരിഗണിക്കുന്നതായി റിപ്പോര്ട്ട്. ഒക്ടോബറിലെ ബജറ്റിന് മുന്നോടിയായി വിദേശ നിക്ഷേപം വര്ധിപ്പിക്കാനും സാമ്പത്തിക വളര്ച്ച പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ചര്ച്ചകള്. 2022ല് അവസാനിപ്പിച്ച നിക്ഷേപക വിസ പദ്ധതി പുനരാരംഭിക്കുന്നതിനുള്ള സാധ്യതകള് സര്ക്കാര് പരിശോധിക്കുന്നതായി ബ്ലൂംബെര്ഗ് റിപ്പോര്ട്ട് ചെയ്തു. എന്നാല് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. നിക്ഷേപക വിസ നിലവിലില്ലാത്തതിനാല് ബ്രിട്ടനില് താമസമാക്കാന് ആഗ്രഹിക്കുന്ന ചില സമ്പന്നര്ക്കും സംരംഭകര്ക്കും അനുയോജ്യമായ വിസ മാര്ഗങ്ങള് കണ്ടെത്താന് ബുദ്ധിമുട്ടുണ്ടാകുന്നതായി കുടിയേറ്റ നിയമവിദഗ്ധര് ചൂണ്ടിക്കാട്ടുന്നു.
ബോറിസ് ജോണ്സണ് പ്രധാനമന്ത്രിയായിരുന്ന കണ്സര്വേറ്റീവ് സര്ക്കാരാണ് പദ്ധതി അവസാനിപ്പിച്ചത്. അനധികൃത പണം വെളുപ്പിക്കാന് വിസ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയായിരുന്നു പ്രധാന കാരണം. പ്രത്യേകിച്ച് റഷ്യയില്നിന്നുള്ള ചില അപേക്ഷകരുമായി ബന്ധപ്പെട്ട ആശങ്കകള് അന്നത്തെ തീരുമാനത്തില് നിര്ണായകമായി. വിദേശ നിക്ഷേപം ആകര്ഷിക്കേണ്ട ആവശ്യകതയ്ക്കൊപ്പം കുടിയേറ്റത്തെക്കുറിച്ചുള്ള പൊതുജന ആശങ്കകളും പരിഗണിച്ചായിരിക്കും സര്ക്കാരിന്റെ തീരുമാനം. പദ്ധതി നടപ്പായാല് വിദേശ നിക്ഷേപകര്ക്ക് ബ്രിട്ടനില് താമസിക്കാനുള്ള പുതിയ അവസരങ്ങള് തുറന്നേക്കും. അതേസമയം, പദ്ധതിയുടെ നിബന്ധനകളോ നടപ്പാക്കാനുള്ള സമയക്രമമോ സംബന്ധിച്ച വിവരങ്ങള് റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടില്ല.