ലണ്ടന്: കെമി ബേഡനോക്കിന്റെ നേതൃത്വത്തില് ബ്രിട്ടനിലെ കണ്സര്വേറ്റീവ് പാര്ട്ടി തിരിച്ചുവരവിന്റെ സൂചനകള് പ്രകടിപ്പിക്കുന്നതായി പുതിയ അഭിപ്രായ സര്വേ. നിഗല് ഫാരാഗിന്റെ റിഫോം യുകെയെ മറികടന്ന് പ്രധാന പ്രതിപക്ഷ ശക്തിയെന്ന നിലയില് ടോറികള്ക്ക് സ്വാധീനം വര്ധിപ്പിക്കാനാകുമെന്നാണ് ഐപ്സോസ് സര്വേയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്ട്ട് പ്രകാരം കണ്സര്വേറ്റീവുകള്ക്ക് 35 ശതമാനവും റിഫോം യുകെയ്ക്ക് 32 ശതമാനവുമാണ് പിന്തുണ. മേയില് റിഫോം യുകെയ്ക്കുണ്ടായിരുന്ന 28 ശതമാന പോയിന്റിന്റെ മുന്തൂക്കം ഇല്ലാതായതായും പാര്ലമെന്റിന്റെ നിലവിലെ കാലയളവില് ആദ്യമായി ടോറികള് മൂന്ന് പോയിന്റ് മുന്നിലെത്തിയതായും റിപ്പോര്ട്ടില് പറയുന്നു.
കുടുംബവീടുകളുടെ അനന്തരാവകാശ നികുതി ഒഴിവാക്കുക, ജയിലുകളില് 50,000 അധിക തടവുകാരെ പാര്പ്പിക്കാനുള്ള സൗകര്യമൊരുക്കുക, കൂടുതല് യുവാക്കളെ തൊഴില്രംഗത്തേക്ക് എത്തിക്കുക, ക്ഷേമപദ്ധതികളുടെ ചെലവ് കുറയ്ക്കുക തുടങ്ങിയ നയപ്രഖ്യാപനങ്ങള് പാര്ട്ടിക്ക് അനുകൂലമായ സാഹചര്യമൊരുക്കിയെന്നാണ് വിലയിരുത്തല്. 2024ലെ പൊതുതെരഞ്ഞെടുപ്പില് ലേബര് പാര്ട്ടിക്ക് വോട്ട് ചെയ്തവര്ക്കിടയിലും കണ്സര്വേറ്റീവുകളുടെ സ്വാധീനം വര്ധിക്കുന്നതായി സര്വേ സൂചിപ്പിക്കുന്നു. അതേസമയം, സംഭാവനകളുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണങ്ങളും വംശീയതയും ലൈംഗികതയും സംബന്ധിച്ച വിവാദങ്ങളും റിഫോം യുകെയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. ബേഡനോക്കിന്റെ രാഷ്ട്രീയ നിലപാടുകള് പൊതുജനങ്ങള്ക്ക് കൂടുതല് വ്യക്തമായിവരുന്നതായും അവരുടെ ജനപിന്തുണ മെച്ചപ്പെടുന്നതായും ഐപ്സോസ് രാഷ്ട്രീയ വിഭാഗം ഡയറക്ടര് കീറന് പെഡ്ലി അഭിപ്രായപ്പെട്ടു.