ലണ്ടന്‍: റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ട വേനല്‍ക്കാലത്തിനു പിന്നാലെ ഇംഗ്ലണ്ടിലെ ആറ് മേഖലകളില്‍ കടുത്ത വരള്‍ച്ച പ്രഖ്യാപിച്ചു. ഡെവണ്‍, കോണ്‍വാള്‍, ഡോര്‍സെറ്റ്, സോമര്‍സെറ്റ്, ഈസ്റ്റ് സസെക്‌സ്, വെസ്റ്റ് സസെക്‌സ് എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായത്. തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതോടെ പൊതുജലവിതരണം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമായി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഒരു നൂറ്റാണ്ടിലേറെയായി രേഖപ്പെടുത്തിയതില്‍ ഏറ്റവും വരണ്ട കാലാവസ്ഥയാണ് ഇത്തവണ അനുഭവപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയുടെ തീവ്രത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഹേവാര്‍ഡ്‌സ് ഹീത്ത്, ഉക്ഫീല്‍ഡ് എന്നിവിടങ്ങളിലെ ഏകദേശം 95,000 കെട്ടിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ആര്‍ഡിംഗ്ലി ജലസംഭരണിയില്‍ ശേഷിയുടെ 19 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഈസ്റ്റ് ഡെവണ്‍, നോര്‍ത്ത് ഡെവണ്‍, സോമര്‍സെറ്റ്, വെസ്റ്റ് ഡോര്‍സെറ്റ് മേഖലകള്‍ ആശ്രയിക്കുന്ന വിംബിള്‍ബോള്‍ സംഭരണിയില്‍ ജലനിരപ്പ് 16 ശതമാനമായി താഴ്ന്നു. വര്‍ഷത്തിലെ ഈ സമയത്ത് സംഭരണികളില്‍ ശരാശരി 75 ശതമാനം വെള്ളമുണ്ടാകേണ്ടതാണെന്നാണ് പരിസ്ഥിതി ഏജന്‍സിയുടെ കണക്ക്. കോണ്‍വാളിലെ ഡ്രിഫ്റ്റ്, സ്റ്റിത്തിയന്‍സ് ഉള്‍പ്പെടെയുള്ള ചെറുകിട ജലസംഭരണികളിലും സ്ഥിതി ആശങ്കാജനകമാണ്. ഇവയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജലലഭ്യതയെ ഇത് ബാധിച്ചേക്കും.
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗോള്‍ഫ് ക്ലബുകള്‍, സ്വകാര്യ സ്‌കൂളുകള്‍, വാണിജ്യ കാര്‍വാഷുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അനിവാര്യമല്ലാത്ത ജലോപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജലവിതരണ കമ്പനികള്‍ ആവശ്യപ്പെട്ടു. സൗത്ത് ഈസ്റ്റ് വാട്ടര്‍, സൗത്ത് വെസ്റ്റ് വാട്ടര്‍, സതേണ്‍ വാട്ടര്‍ എന്നീ കമ്പനികളാണ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പരിസ്ഥിതി സെക്രട്ടറി ആഞ്ചല ഈഗിള്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല. ജലസംഭരണികളിലെയും നദികളിലെയും ജലനിരപ്പ് ദിവസേന നിരീക്ഷിക്കാനും ജലഗുണനിലവാര പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജലപ്രവാഹം കുറയുന്നതോടെ മലിനീകരണത്തിന്റെ സാന്ദ്രത വര്‍ധിക്കാനുള്ള സാധ്യതയും ആശങ്കയുയര്‍ത്തുന്നുണ്ട്. വെള്ളം പാഴാക്കുന്നത് ഒഴിവാക്കണമെന്നും അത്യാവശ്യ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും അധികൃതര്‍ അഭ്യര്‍ഥിച്ചു.