ലണ്ടന്‍: മതപരമായ കാരണങ്ങളാല്‍ പലിശ അധിഷ്ഠിത വിദ്യാഭ്യാസ വായ്പകള്‍ ഒഴിവാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബദല്‍ ധനസഹായ സംവിധാനം ഒരുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ഇസ്ലാമിക സാമ്പത്തിക തത്വങ്ങള്‍ക്ക് അനുയോജ്യമായ 'ആള്‍ട്ടര്‍നേറ്റീവ് സ്റ്റുഡന്റ് ഫിനാന്‍സ്' പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക തടസ്സങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. പരസ്പര സഹായം അടിസ്ഥാനമാക്കിയുള്ള 'തകാഫുല്‍' മാതൃകയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത്. പദ്ധതിയില്‍നിന്ന് സഹായം സ്വീകരിക്കുന്നവര്‍ തിരിച്ചടയ്ക്കുന്ന വിഹിതം പൊതുവായ ഫണ്ടിലേക്കെത്തും. ഈ തുക പിന്നീട് മറ്റ് വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.
പലിശ അധിഷ്ഠിത സംവിധാനമല്ലെങ്കിലും സാധാരണ വിദ്യാഭ്യാസ വായ്പയെടുക്കുന്നവരുടേതിന് തുല്യമായ തിരിച്ചടവ് ബാധ്യതയായിരിക്കും പദ്ധതിയിലുള്ളവര്‍ക്കും. കുറഞ്ഞ തിരിച്ചടവോ പ്രത്യേക സാമ്പത്തിക ഇളവോ നല്കുന്ന പദ്ധതിയല്ല ഇത്. മുസ്ലിം വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് രൂപകല്‍പ്പനയെങ്കിലും മറ്റു മതവിഭാഗങ്ങളിലുള്ളവര്‍ക്കും തെരഞ്ഞെടുക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.
പദ്ധതി ആരംഭിക്കുന്ന കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. 'ലൈഫ്ലോങ് ലേണിങ് എന്‍ടൈറ്റില്‍മെന്റ്' സംവിധാനം അവതരിപ്പിച്ചതിനുശേഷം കഴിയുന്നത്ര വേഗത്തില്‍ ബദല്‍ ധനസഹായ പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്കിയ വിശദീകരണം. ആരംഭിക്കുന്നതിന് മുമ്പ് സ്വതന്ത്ര ഇസ്ലാമിക സാമ്പത്തിക വിദഗ്ധസമിതി പദ്ധതിയുടെ അനുയോജ്യത പരിശോധിച്ച് സാക്ഷ്യപ്പെടുത്തും.