ലണ്ടന്‍: സൈക്കോതെറാപ്പി സെഷനുകളിലെ സ്വകാര്യ സംഭാഷണങ്ങളുടെ കുറിപ്പുകള്‍ പങ്കിട്ട ആരോഗ്യരേഖാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ ബ്രിട്ടനിലെ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ലണ്ടന്‍ ആന്‍ഡ് മൗഡ്സ്ലി എന്‍എച്ച്എസ് ട്രസ്റ്റില്‍ ചികിത്സ തേടിയ സ്ത്രീയുടെ പരാതിയിലാണ് നടപടി.
ഏകദേശം 1.4 ലക്ഷം ജീവനക്കാര്‍ ഉപയോഗിക്കുന്ന 'ലണ്ടന്‍ കെയര്‍ റെക്കോര്‍ഡ്' സംവിധാനത്തിലാണ് വിവരങ്ങള്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഇത്രയും ജീവനക്കാര്‍ കുറിപ്പുകള്‍ വായിച്ചുവെന്നല്ല റിപ്പോര്‍ട്ട്. രോഗിയുടെ പരിചരണവുമായി നേരിട്ട് ബന്ധപ്പെട്ട ജീവനക്കാര്‍ക്കു മാത്രമാണ് രേഖകള്‍ നിയമപരമായി പരിശോധിക്കാന്‍ അനുവാദമുള്ളത്.
ജിപിയെ സന്ദര്‍ശിച്ചപ്പോള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലാണ് ദുഃഖാനുഭവങ്ങളും മാനസികാഘാതങ്ങളും സംബന്ധിച്ച സംഭാഷണങ്ങളുടെ കുറിപ്പുകള്‍ പരാതിക്കാരി കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍, ചികിത്സ നല്കിയ ട്രസ്റ്റിനു പുറത്തുള്ള ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ചതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന് ബൈപോളാര്‍ ഡിസോര്‍ഡറിനുള്ള സൈക്കോതെറാപ്പി ഇവര്‍ നിര്‍ത്തിവച്ചു.
തെറാപ്പിയിലെ അതീവ സ്വകാര്യ വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടില്ലെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം. എന്നാല്‍ സെഷനുകളിലെ പ്രധാന ഉള്ളടക്കങ്ങള്‍ സ്വമേധയാ ഇലക്ട്രോണിക് രേഖകളിലേക്ക് ചേര്‍ക്കപ്പെട്ടതായി പരാതിക്കാരിക്ക് നല്കിയ മറുപടിയില്‍ സമ്മതിച്ചു. പരാതി കൈകാര്യം ചെയ്യുന്നതിലെ കാലതാമസത്തിന് ക്ഷമാപണം നടത്തിയ ട്രസ്റ്റ്, വിവരങ്ങള്‍ രേഖപ്പെടുത്തുന്നതും പങ്കിടുന്നതിനെക്കുറിച്ച് രോഗികളെ അറിയിക്കുന്നതും പുനഃപരിശോധിക്കുകയാണെന്ന് അറിയിച്ചു.
വിഷയം പാര്‍ലമെന്റിലും ഉയര്‍ന്നു. നേരിട്ടുള്ള ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കിടുന്നത് പരോക്ഷ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിവരങ്ങള്‍ പങ്കിടുന്നതിനെ എതിര്‍ക്കാനോ ഒഴിവാകാനോ സംവിധാനങ്ങളുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്കി.