ലണ്ടന്‍: അനധികൃത കുടിയേറ്റവും തൊഴിലും തടയുന്നതിനായി ബ്രിട്ടനില്‍ നടത്തുന്ന ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ഒരു വര്‍ഷത്തെ പരിശോധനകളില്‍ മൂന്നില്‍ രണ്ടിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുക്കാല്‍ ഭാഗത്തോളം പരിശോധനകളും കോടതി വാറന്റില്ലാതെയാണ് നടന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2025ല്‍ നടന്ന 23,500ത്തിലധികം ഇമിഗ്രേഷന്‍ പരിശോധനകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് പുറത്തുവന്നത്. വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു നടപടികള്‍. പരിശോധനകളില്‍ വാറന്റ് ഉപയോഗിച്ചത് നാലിലൊന്നില്‍ മാത്രമാണെന്നും പത്തു വര്‍ഷം മുമ്പ് ഇത് 40 ശതമാനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ പരിശോധനകള്‍ നടക്കുന്നതെന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.
കോണ്‍വാളിലെ കാംബോണിലുള്ള സുല്‍ത്താന്‍സ് ഇന്ത്യന്‍ റസ്റ്ററന്റിലെ സംഭവം വിമര്‍ശനത്തിന് ഇടയാക്കി. ജീവനക്കാരനായ നാനു മിയയെ ഉദ്യോഗസ്ഥര്‍ കൈവിലങ്ങണിയിച്ച് വാഹനത്തില്‍ കയറ്റിയെങ്കിലും അദ്ദേഹത്തിന് യുകെയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അവകാശമുണ്ടെന്ന് പിന്നീട് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മതിയായ വിവരങ്ങളില്ലാതെയാണ് പരിശോധനകള്‍ നടത്തുന്നതെന്ന ആരോപണം ഹോം ഓഫീസ് തള്ളി. ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് നടപടിയെടുക്കുന്നതെന്നാണ് വകുപ്പിന്റെ വിശദീകരണം.