Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5653 INR  1 EURO=111.8568 INR
ukmalayalampathram.com
Sat 22nd Aug 2026
 
 
UK Special
  Add your Comment comment
കുട്ടികളിലെ വേപ്പിങ് ആരോഗ്യഭീഷണി; ഫ്‌ലേവറുകള്‍ക്കും പാക്കേജിങ്ങിനും നിയന്ത്രണം വേണമെന്ന് വിദഗ്ധര്‍
reporter

ലണ്ടന്‍: കുട്ടികളും കൗമാരക്കാരും വേപ്പിങ് ഉപയോഗിക്കുന്നത് ശ്വാസകോശം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വേപ്പുകളുടെ രൂപകല്‍പന, പാക്കേജിങ്, ഫ്‌ലേവറുകളുടെ വൈവിധ്യം എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് റോയല്‍ കോളജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍സിപിസിഎച്ച്) ആവശ്യപ്പെട്ടു. വേപ്പിങ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച 81 പഠനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വേപ്പ് ഉപയോഗിക്കുന്ന കുട്ടികളില്‍ ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വായയുടെയും പല്ലുകളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, കണ്ണുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ എന്നിവയുമായും വേപ്പിങ് ഉപയോഗത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൗമാരത്തിലെ സാധാരണ പരീക്ഷണങ്ങളിലൊന്നായി വേപ്പിങ്ങിനെ കാണുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വേപ്പിങ് അപകടരഹിതമായ ശീലമല്ലെന്നും നിക്കോട്ടിനോടുള്ള ആശ്രിതത്വം വര്‍ധിപ്പിക്കാനും പിന്നീട് സിഗരറ്റ് ഉപയോഗത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് വേപ്പുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതും ആകര്‍ഷകമാകുന്നതും തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആര്‍സിപിസിഎച്ചിന്റെ ആവശ്യം. പ്രത്യേകിച്ച് പഴം, മിഠായി, ശീതളപാനീയം തുടങ്ങിയ രുചികളെ അനുസ്മരിപ്പിക്കുന്ന ഫ്‌ലേവറുകള്‍ കുട്ടികളെ വേപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഫ്‌ലേവറുകളുടെ പേരിടലിലും വിപണനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.

വേപ്പുകളുടെ രൂപം, പാക്കേജിങ്, കടകളിലെ പ്രദര്‍ശനം എന്നിവ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ജൂലൈയില്‍ 12 ആഴ്ച നീളുന്ന പൊതുകൂടിയാലോചന ആരംഭിച്ചിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം വേപ്പ് പാക്കറ്റുകള്‍ ലളിതമാക്കുകയും ബ്രാന്‍ഡിങ് പരിമിതപ്പെടുത്തുകയും ചെയ്യും. ഫ്‌ലേവറുകള്‍ക്ക് 'ആപ്പിള്‍', 'കോല' തുടങ്ങിയ ലളിതമായ പേരുകള്‍ മാത്രം അനുവദിക്കുന്നതും പരിഗണനയിലാണ്. സിഗരറ്റുകളും മറ്റ് പുകയില ഉല്‍പന്നങ്ങളും കടകളില്‍ ഉപഭോക്താക്കളുടെ നേരിട്ടുള്ള കാഴ്ചയില്‍നിന്ന് മാറ്റിവയ്ക്കുന്നതുപോലെ വേപ്പുകളും മറച്ചുവയ്ക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പുകയില ഉപയോഗമില്ലാത്ത പുതിയ തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2026ലെ ടുബാക്കോ ആന്‍ഡ് വേപ്‌സ് ആക്ട് പ്രകാരം നിരവധി നിയന്ത്രണ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നത് നിരോധിക്കുന്ന വ്യവസ്ഥയും നിയമത്തിന്റെ ഭാഗമാണ്.

അതേസമയം, പുകവലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേപ്പിങ് ദോഷം കുറവായിരിക്കാമെങ്കിലും അത് അപകടരഹിതമല്ലെന്ന് ആരോഗ്യസംഘടനകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പുകവലിക്കുന്ന മുതിര്‍ന്നവര്‍ക്ക് സിഗരറ്റ് ഉപേക്ഷിക്കുന്നതിനുള്ള സഹായമായി വേപ്പിങ് ഉപയോഗിക്കാമെങ്കിലും പുകവലിക്കാത്തവര്‍, പ്രത്യേകിച്ച് കുട്ടികളും കൗമാരക്കാരും, വേപ്പിങ് ആരംഭിക്കരുതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ബ്രിട്ടനിലെ 11 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ വേപ്പിങ് ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യവും വിപണനവും ശക്തമായി നിയന്ത്രിക്കണമെന്നും വേപ്പ് വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് നിയമങ്ങളും നിയന്ത്രണങ്ങളും തുടര്‍ച്ചയായി പുതുക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു. കുട്ടികളിലെ വേപ്പിങ് തടയാന്‍ ഒറ്റ നടപടികൊണ്ട് മാത്രം സാധിക്കില്ലെന്നും വിവിധ തലങ്ങളിലുള്ള നിയന്ത്രണങ്ങള്‍ ഒരുമിച്ച് നടപ്പാക്കേണ്ടതുണ്ടെന്നും ആര്‍സിപിസിഎച്ച് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window