ലണ്ടന്: ജയിലുകളിലെ സ്ഥലപരിമിതി പരിഹരിക്കാന് നടപ്പാക്കുന്ന നേരത്തേയുള്ള മോചനപദ്ധതിയുടെ രണ്ടാംഘട്ടത്തില് ഏകദേശം 650 തടവുകാരെ പുറത്തിറക്കാന് ബ്രിട്ടിഷ് സര്ക്കാര്. ഇംഗ്ലണ്ടിലെയും വെയില്സിലെയും ജയിലുകളില് രണ്ടര വര്ഷം വരെ തടവുശിക്ഷ അനുഭവിക്കുന്ന അര്ഹരായ തടവുകാരെയാണ് ഒക്ടോബര് 13ലെ രണ്ടാംഘട്ടത്തില് ഉള്പ്പെടുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥകള് പ്രകാരം ചില വിഭാഗങ്ങളിലുള്ള തടവുകാര്ക്ക് ശിക്ഷാകാലത്തിന്റെ പകുതിക്കു പകരം മൂന്നിലൊന്ന് പൂര്ത്തിയാക്കിയാല് പുറത്തിറങ്ങാം. എന്നാല് ശേഷിക്കുന്ന ശിക്ഷാകാലത്ത് ഇലക്ട്രോണിക് ടാഗ് ഉള്പ്പെടെയുള്ള നിരീക്ഷണത്തിനും നിശ്ചിത നിയന്ത്രണങ്ങള്ക്കും ഇവര് വിധേയരാകും. ഒക്ടോബര് ഒന്നിന് നടന്ന ആദ്യഘട്ടത്തില് 19 മാസത്തില് താഴെ ശിക്ഷ ലഭിച്ച ഏകദേശം 700 പേരെ മോചിപ്പിച്ചിരുന്നു.
അതേസമയം, പദ്ധതിയുടെ വ്യാപനം ജോലിഭാരം വര്ധിപ്പിക്കുന്നതായി പ്രൊബേഷന് ജീവനക്കാരുടെ യൂണിയനായ നാപോ ആരോപിച്ചു. പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കുന്നതും മോചനവ്യവസ്ഥകള് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രൊബേഷന് ഉദ്യോഗസ്ഥരാണ്. ജീവനക്കാരുടെ കുറവും ശമ്പളപ്രശ്നങ്ങളും നിലനില്ക്കുന്നതിനിടെ കൂടുതല് പേരുടെ മേല്നോട്ടം ഏറ്റെടുക്കേണ്ടിവരുന്നതാണ് പ്രതിഷേധത്തിന് കാരണം. നീതിന്യായ മന്ത്രാലയം വാഗ്ദാനം ചെയ്ത അഞ്ചുശതമാനം ശമ്പളവര്ധനയ്ക്കു പകരം 12 ശതമാനം വര്ധനയാണ് യൂണിയന് ആവശ്യപ്പെടുന്നത്. ശമ്പളവും ജോലിഭാരവും സംബന്ധിച്ച തര്ക്കം പണിമുടക്കിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്. പ്രൊബേഷന് സേവനങ്ങള് ശക്തിപ്പെടുത്താന് 700 മില്യന് പൗണ്ട് നിക്ഷേപിക്കുമെന്നും 1,300 അധിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സര്ക്കാര് അറിയിച്ചു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി നിര്മിതബുദ്ധി സംവിധാനങ്ങള് ഉപയോഗിക്കാനും പദ്ധതിയുണ്ട്.