ലണ്ടന്: തൊഴിലുടമകളുടെ ചൂഷണത്തിന് ഇരയാകുന്ന സ്കില്ഡ് വര്ക്കര് വിസക്കാര്ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് നിയമപരമായി മാറാന് അവസരമൊരുക്കുന്ന വ്യവസ്ഥകളുമായി യുകെ ഹോം ഓഫീസ്. ആധുനിക അടിമത്തത്തിന്റെ ഇരകളായി തിരിച്ചറിയപ്പെടുന്ന വിദേശ തൊഴിലാളികള്ക്ക് സംരക്ഷണം നല്കുകയാണ് മാറ്റത്തിന്റെ ലക്ഷ്യം. ഇന്ത്യക്കാര് ഉള്പ്പെടെ നിരവധി പേര് ജോലി ചെയ്യുന്ന കെയര് മേഖലയിലും നടപടി ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. സ്പോണ്സര്ഷിപ്പ് നഷ്ടപ്പെടുന്നത് കുടിയേറ്റ പദവിയെയും വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയില് ചൂഷണം സഹിച്ച് ജോലിയില് തുടരേണ്ടിവരുന്നവര്ക്കാണ് പുതിയ വ്യവസ്ഥകള് സഹായകമാകുക. അര്ഹരായ തൊഴിലാളികള്ക്ക് ചൂഷണം നേരിടുന്ന തൊഴില്സ്ഥലം വിട്ട് മറ്റൊരു തൊഴിലുടമയുടെ കീഴില് ജോലി ചെയ്യാനുള്ള വഴിയാണ് ഇതിലൂടെ ഒരുക്കുന്നത്. തൊഴിലുടമയെ ആശ്രയിച്ചുള്ള സ്പോണ്സര്ഷിപ്പ് സംവിധാനം ചിലര് വിദേശ ജീവനക്കാരെ ചൂഷണം ചെയ്യാന് ഉപയോഗിക്കുന്നതായി പരാതികള് ഉയര്ന്നിരുന്നു. ജോലി നഷ്ടപ്പെട്ടാല് വാടകയും കുടുംബച്ചെലവും കണ്ടെത്താനാകില്ലെന്ന ആശങ്കയും തൊഴിലാളികളെ പരാതിപ്പെടുന്നതില്നിന്നും ജോലി ഉപേക്ഷിക്കുന്നതില്നിന്നും പിന്തിരിപ്പിച്ചിരുന്നു.
കെയര് ജീവനക്കാര് ഉള്പ്പെടെ സ്കില്ഡ് വര്ക്കര് മാര്ഗത്തിലൂടെ എത്തിയ, നിര്ദിഷ്ട അര്ഹതകള് പാലിക്കുന്നവര്ക്കാണ് സംരക്ഷണം ലഭിക്കുക. എല്ലാ സ്കില്ഡ് വര്ക്കര് വിസക്കാര്ക്കും നിയന്ത്രണങ്ങളില്ലാതെ ജോലി മാറാനുള്ള പൊതുവായ അനുമതിയായി ഈ മാറ്റത്തെ കാണാനാകില്ല. അതേസമയം, ഈ വ്യവസ്ഥകള് വിസയുടെ കാലാവധി നീട്ടുകയോ പുതിയ വിസയോ സ്ഥിരതാമസാവകാശമോ അനുവദിക്കുകയോ ചെയ്യില്ല. നിലവിലെ വിസയില് ശേഷിക്കുന്ന കാലയളവില് നിയമപരമായി ജോലി തുടരാന് സഹായിക്കുന്നതാണ് മാറ്റം. കഴിഞ്ഞ രണ്ടുവര്ഷത്തിനിടെ 6,600 സ്പോണ്സര്മാരുടെ ലൈസന്സുകള് റദ്ദാക്കിയതായി ഹോം ഓഫീസ് അറിയിച്ചു. 2026ല് ജൂണ് വരെയുള്ള കാലയളവില് മാത്രം 4,400 ലൈസന്സുകളാണ് റദ്ദാക്കിയത്.