ലണ്ടന്: ചൈനീസ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില് ഇന്ത്യന് യുവാവ് ദീപക് സന്ധുവിന് ജീവപര്യന്തം തടവ്. സതാംപ്ടണില് താമസിച്ചിരുന്ന 24കാരന് കുറഞ്ഞത് 28 വര്ഷം തടവില് കഴിയണമെന്ന് ലണ്ടനിലെ ഓള്ഡ് ബെയ്ലി കോടതി വിധിച്ചു. 39കാരിയായ ഷിയാവോചിങ് കെ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. നീതിന്യായ നടപടികള് തടസ്സപ്പെടുത്താന് ശ്രമിച്ചതിലും ഇയാള് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
2025 ഡിസംബര് ഒന്പതിനാണ് എര്ള്സ് കോര്ട്ടിലെ ഓള്ഡ് ബ്രോംപ്ടണ് റോഡിലുള്ള താമസസ്ഥലത്ത് കൊലപാതകം നടന്നത്. അടുത്ത ദിവസം സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നടനും മോഡലുമാണെന്ന് അവകാശപ്പെട്ടാണ് സന്ധു യുവതിയുമായി അടുപ്പത്തിലായത്. ഇയാളുടെ അവകാശവാദങ്ങള് വ്യാജമാണെന്നും തന്റെ പണം മോഷ്ടിച്ചിട്ടുണ്ടെന്നും തിരിച്ചറിഞ്ഞതോടെ യുവതി ബന്ധം അവസാനിപ്പിച്ചു. ഇതിനു പിന്നാലെ സന്ധു നിരന്തരം ബന്ധപ്പെടാന് ശ്രമിക്കുകയും പ്രതികാരം ചെയ്യുമെന്ന് മറ്റുള്ളവര്ക്ക് സന്ദേശമയയ്ക്കുകയും ചെയ്തതായി പ്രോസിക്യൂഷന് വ്യക്തമാക്കി.
പണം തിരികെ നല്കാമെന്ന് പറഞ്ഞ് കൂടിക്കാഴ്ചയ്ക്ക് സമ്മതിപ്പിച്ചശേഷം കത്തിയുമായി സതാംപ്ടണില്നിന്ന് ലണ്ടനിലെത്തിയാണ് സന്ധു ആക്രമണം നടത്തിയത്. ഇയാള് താമസസ്ഥലത്ത് പ്രവേശിക്കുന്നതും ഏകദേശം ഒന്നര മണിക്കൂറിനുശേഷം പുറത്തുപോകുന്നതും ക്യാമറകളില് പതിഞ്ഞിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള രക്തസാമ്പിളുകളും മൊബൈല് സന്ദേശങ്ങളും അന്വേഷണത്തില് നിര്ണായകമായി. കൊലപാതകത്തിനുശേഷം മറ്റൊരാളാണ് യുവതിയെ കൊന്നതെന്ന് ഇന്ത്യയിലുള്ള സഹോദരിയോട് ഇയാള് അവകാശപ്പെട്ടു. തുടര്ന്ന് മുംബൈയിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്ത് രാജ്യം വിടാന് ശ്രമിച്ചു. ഡിസംബര് 12ന് ബര്മിങ്ഹാം വിമാനത്താവളത്തിലേക്കുള്ള ബസില് യാത്ര ചെയ്യുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം നിഷേധിച്ചെങ്കിലും സാക്ഷിമൊഴികള്, ശാസ്ത്രീയ തെളിവുകള്, ഫോണ്വിവരങ്ങള്, ക്യാമറ ദൃശ്യങ്ങള് എന്നിവയുടെ അടിസ്ഥാനത്തില് ജൂറി സന്ധുവിനെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.