Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Oct 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 2.4 ശതമാനം ശമ്പളവര്‍ധന നിര്‍ദേശം; സമരമുന്നറിയിപ്പുമായി യൂണിയനുകള്‍
reporter

ലണ്ടന്‍: നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും 2027-28 സാമ്പത്തികവര്‍ഷത്തില്‍ 2.4 ശതമാനം ശമ്പളവര്‍ധന നിര്‍ദേശിച്ച് സര്‍ക്കാര്‍. പണപ്പെരുപ്പ നിരക്കിനേക്കാള്‍ താഴെയുള്ള വര്‍ധന അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍ രംഗത്തെത്തി. നിര്‍ദേശവുമായി മുന്നോട്ടുപോയാല്‍ എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്നാണ് യൂണിയനുകളുടെ മുന്നറിയിപ്പ്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ 2.4 ശതമാനം വര്‍ധന മാത്രമേ അനുവദിക്കാനാകൂ എന്നാണ് ആരോഗ്യ-സാമൂഹിക പരിചരണ വകുപ്പിന്റെയും എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെയും നിലപാട്. ശമ്പളവര്‍ധനയ്ക്കായി കൂടുതല്‍ പണം നീക്കിവെച്ചാല്‍ രോഗികള്‍ക്കുള്ള സേവനങ്ങളില്‍ വെട്ടിക്കുറവ് വേണ്ടിവരുമെന്നും ചികിത്സയ്ക്കുള്ള കാത്തിരിപ്പ് നീളുമെന്നും പേ റിവ്യൂ ബോഡിക്ക് നല്‍കിയ നിര്‍ദേശത്തില്‍ ഇവര്‍ വാദിക്കുന്നു. പണപ്പെരുപ്പം 3.1 ശതമാനമായി തുടരുകയും വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അതിനേക്കാള്‍ കുറഞ്ഞ ശമ്പളവര്‍ധന നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ജീവനക്കാരുടെ യഥാര്‍ഥ വരുമാനത്തെയും ജീവിതനിലവാരത്തെയും ബാധിക്കുമെന്നാണ് സംഘടനകളുടെ ആശങ്ക.

ഡോക്ടര്‍മാരുടെ വേതനം യഥാര്‍ഥ മൂല്യത്തില്‍ കുറയാന്‍ അനുവദിക്കുന്നത് ആരോഗ്യരംഗത്തെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടോം ഡോള്‍ഫിന്‍ പ്രതികരിച്ചു. കാര്‍ പാര്‍ക്കുകളില്‍പ്പോലും രോഗികളെ ചികിത്സിക്കേണ്ടിവരുന്ന സാഹചര്യം ഇത്തരം നടപടികളിലൂടെ മെച്ചപ്പെടുത്താനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ നിര്‍ദേശം നഴ്സിങ് ജീവനക്കാരോടുള്ള വഞ്ചനയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിങ് ആരോപിച്ചു. ആരോഗ്യസേവനത്തിലെ ഏറ്റവും വലിയ ജീവനക്കാരുടെ വിഭാഗമായ നഴ്സുമാരുടെ ജീവിതനിലവാരം വീണ്ടും താഴാന്‍ ഇത് കാരണമാകുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു. അംഗങ്ങള്‍ക്കിടയില്‍ കടുത്ത രോഷമുണ്ടാകുമെന്നും ഔദ്യോഗിക ശമ്പളപ്രഖ്യാപനം വരുമ്പോള്‍ അവര്‍ നിലപാട് വ്യക്തമാക്കുമെന്നും റേഞ്ചര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സര്‍ക്കാരിന്റെ നിര്‍ദേശമാണ് സമര്‍പ്പിച്ചിരിക്കുന്നത്; അന്തിമ ശമ്പളവര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

 
Other News in this category

 
 




 
Close Window