നോര്‍ത്ത് വെയില്‍സ്: മക്കള്‍ക്കൊപ്പം താമസിക്കാന്‍ യുകെയിലെത്തിയ മലയാളി വീട്ടമ്മ അന്തരിച്ചു. ആലപ്പുഴ കുന്നങ്കരി ചിറയില്‍ കുടുംബാംഗമായ ആന്‍സി തോമസ് (64) ആണ് മരിച്ചത്. നോര്‍ത്ത് വെയില്‍സില്‍ താമസിക്കുന്ന നീതു തോമസിന്റെ മാതാവും ടോമിന്റെ ഭാര്യാമാതാവുമാണ്. ഹ്രസ്വസന്ദര്‍ശനത്തിനായി ഭര്‍ത്താവ് തോമസിനൊപ്പം രണ്ടുമാസം മുമ്പാണ് ആന്‍സി യുകെയിലെത്തിയത്. മക്കള്‍ക്കൊപ്പം കഴിയുന്നതിനിടെ ഏതാനും ദിവസം മുമ്പ് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഗ്ലാന്‍ ക്ലൂയ്ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരിച്ചു. അപ്രതീക്ഷിത വിയോഗത്തിന്റെ ദുഃഖത്തിനിടയിലും അവയവദാനത്തിലൂടെ മറ്റുള്ളവര്‍ക്ക് ജീവന്റെ പ്രതീക്ഷ പകരുകയാണ് ആന്‍സിയുടെ കുടുംബം. മക്കളെ കാണാനെത്തിയ അമ്മയുടെ വേര്‍പാട് കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ദുഃഖത്തിലാഴ്ത്തി.