ലിവര്‍പൂള്‍: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അനൂപ് ബാലകൃഷ്ണന് (40) പന്ത്രണ്ട് വര്‍ഷവും ആറുമാസവും തടവുശിക്ഷ. ലിവര്‍പൂളിലെ ഓള്‍ഡ് സ്വാന് പ്രദേശത്ത് താമസിച്ചിരുന്ന ഇയാളെ നവംബര്‍ 20 വെള്ളിയാഴ്ച ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. മെര്‍സിസൈഡ് പൊലീസാണ് വിധിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ബലാത്സംഗവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങളും ഒളിഞ്ഞുനോട്ടവുമായി ബന്ധപ്പെട്ട ഒരു കുറ്റവുമാണ് അനൂപിനെതിരെ ഏപ്രിലില്‍ ചുമത്തിയത്. ഒളിഞ്ഞുനോട്ടക്കുറ്റം ഇയാള്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയിലാണ് ബലാത്സംഗക്കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
തടവുശിക്ഷയ്ക്കു പുറമേ, അനൂപിന്റെ പേര് ജീവിതകാലം മുഴുവന്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. അതിജീവിതയെ ബന്ധപ്പെടുന്നത് തടഞ്ഞുകൊണ്ട് കാലപരിധിയില്ലാത്ത നിരോധന ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് വിധി നല്‍കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ബോബ് സാന്‍ഡം പറഞ്ഞു. പരാതിയുമായി മുന്നോട്ടുവരുന്ന അതിജീവിതകള്‍ക്ക് അന്വേഷണത്തിലുടനീളം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും പ്രത്യേക സഹായപ്രവര്ത്തകരുടെയും പിന്തുണ ഉറപ്പാക്കുമെന്നും പൊലീസ് വ്യക്തമാക്കി.