Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
മലയാളി നഴ്‌സ് പറഞ്ഞ ഇംഗ്ലീഷ് രോഗിക്ക് മനസ്സിലായില്ല: ഇംഗ്ലീഷ് അറിയില്ലെന്ന് തെളിഞ്ഞു: ഇനി യുകെയില്‍ നഴ്‌സ് ജോലി ചെയ്യാനാവില്ല
Text By: UK Malayalam Pathram
മലയാളി നഴ്‌സിന് യുകെയിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്ക്. ഇംഗ്ലീഷ് ഭാഷയില്‍ ആവശ്യമായ പ്രാവീണ്യമില്ലാത്തത് രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. രോഗിക്ക് അപസ്മാരം ഉണ്ടായത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതടക്കം നിരവധി ഗുരുതര പിഴവുകളാണ് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം, ഈ നഴ്‌സ് മൂന്നു വര്‍ഷം നാട്ടിലേക്ക് മടങ്ങിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

അനിമോള്‍ എന്ന നഴ്‌സ് 2021 ഓഗസ്റ്റ് മുതല്‍ 2022 മെയ് വരെ ചെംസ്‌ഫോര്‍ഡിനടുത്തുള്ള ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ സൂപ്പര്‍ന്യൂമററി നഴ്‌സായി ജോലി ചെയ്തിരുന്നു. അതിന് ശേഷം അവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആന്‍ഡ് സൗത്ത് എസെക്സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അറിയിച്ചു.

2022 ഫെബ്രുവരിയില്‍ ഒരു രോഗിയെ വൃത്തിയാക്കുന്നതിനിടെ രോഗിക്ക് അപസ്മാര ആക്രമണം ഉണ്ടായെങ്കിലും അത് തിരിച്ചറിയാനോ അടിയന്തര അലാം മുഴക്കാനോ അനിമോളിന് കഴിഞ്ഞില്ലെന്നാണ് എന്‍എംസി അന്വേഷണ പാനല്‍ കണ്ടെത്തിയത്. ഇതിന് മുമ്പും ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതിലെ പരിമിതികള്‍ കാരണം ജോലിക്കിടെ പ്രതിസന്ധികളുണ്ടായതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.

2022 ഏപ്രില്‍ 26-ന് നടന്ന മറ്റൊരു സംഭവത്തിലും ഗുരുതരമായ ചികിത്സാ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗിക്ക് തെറ്റായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം സംഭവങ്ങള്‍ രോഗികളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനിമോളുടെ മോശം പ്രവര്‍ത്തനത്തിന് പ്രധാന കാരണം ഇംഗ്ലീഷ് ഭാഷ ആവശ്യമായ നിലവാരത്തില്‍ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും കഴിയാത്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. ഭാഷാപരമായ ഈ പരിമിതികള്‍ രോഗികളുടെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചതായി എന്‍എംസി വിലയിരുത്തി.
 
Other News in this category

 
 




 
Close Window