|
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജീന റോഡ്രിഗസും വിവാഹിതരാകുന്നുവെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയിലെ ഫുഞ്ചല്‍ കത്തീഡ്രലിലെത്തിത് അയ്യായിരത്തോളം ആരാധകര്‍. ഫുട്‌ബോള്‍ താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് പള്ളിക്ക് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. ആളുകളെകണ്ട് അമ്പരന്ന വധൂവരന്‍മാര്‍ എന്താണ് നടക്കുന്നതെന്നറിയാതെ ആശക്കുഴപ്പത്തിലുമായി.
ഫ്രാന്‍സില്‍ താമസിക്കുന്ന മഡെയ്റ സ്വദേശികളായ ഫാബിയോ റാമോസ്, ഫാത്തിമ നിക്കോള്‍ കുന്‍ഹ ടെക്‌സീറ എന്നിവരുടെ വിവാഹച്ചടങ്ങാണ് യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത്. എന്നാല്‍ നാല്പത്തൊന്നുുകാരനായ റൊണാള്‍ഡോയും മുപ്പത്തിരണ്ടുകാരിയായ മോഡല്‍ ജോര്‍ജീനയും വ്യാജ പേരില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ ഈ കത്തീഡ്രല്‍ ബുക്ക് ചെയ്തിരിക്കുകയാണെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്.
ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റിയാണ് വധു ഫാത്തിമ വിവാഹ വേദിയിലേക്ക് പ്രവേശിച്ചത്. ഫോണുകളില്‍ പടം പിടിക്കുന്ന ആരാധകരെ കടന്നുപോകവെ ''ഇത് ജോര്‍ജീനയല്ല'' എന്ന് അതിഥികള്‍ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. |