Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
വിമാനദുരന്തം: അന്വേഷണത്തിനായി യുകെ എഎഐബി സംഘം ഇന്ത്യയിലെത്തും
reporter

ലണ്ടന്‍: ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ഉണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുകെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) സംഘം ഇന്ത്യയില്‍ എത്തും. 53 യുകെ പൗരന്മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് യുകെ സംഘം ഇന്ത്യയില്‍ എത്തുക. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ഔദ്യോഗികമായി എഎഐബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമാന ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചിന്തകള്‍ക്ക് ഒപ്പമാണ് താനെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. 241 പേര്‍ മരിച്ച സംഭവത്തില്‍ കിയേര്‍ സ്റ്റാമെര്‍ അനുശോചനം അറിയിച്ചു. ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനായി ഞങ്ങള്‍ ഒരു മള്‍ട്ടി ഡിസിപ്ലിനറി അന്വേഷണ സംഘത്തെ ഇന്ത്യയിലേക്ക് വിന്യസിക്കുന്നുവെന്നാണ് എഎഐബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുള്ളത്. അഹമ്മദാബാദില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ അകപ്പെട്ട എല്ലാവരുടെയും കൂടെയാണ് ഞങ്ങളുടെ ചിന്തകളെന്നും സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കുറിച്ച് ആശങ്കയുള്ള ബ്രിട്ടിഷ് പൗരന്മാര്‍ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫിസിന്റെ 020 7008 5000 എന്ന നമ്പറില്‍ വിളിക്കണമെന്നും എഎഐബി അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് എന്‍എസ്ജി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന് ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. കേന്ദ്രമന്ത്രി അമിത്ഷാ ഉള്‍പ്പടെയുള്ളവരും എയര്‍ ഇന്ത്യ അധികൃതരും അപകടസ്ഥലത്ത് എത്തിയിയുന്നു. 242 പേരുമായി ലണ്ടനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് ജീവനോടെ ബാക്കിയായത് ആ ഒരാള്‍ മാത്രമാണ്. അവിശ്വസനീയമാം വിധം ജീവതത്തിലേക്ക് ഓടിക്കയറിയ വിശ്വാസ് കുമാര്‍ രമേഷ്. 241 പേരുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ മൂകസാക്ഷി. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. ദുരന്ത സ്ഥലത്തെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് നടന്ന് എത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷും സഹോദരനായ അജയ്കുമാര്‍ രമേഷും(45) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിന്റെ പ്രതികരണം. ബ്രിട്ടനിലെ ലെസ്റ്ററിലാണ് വിശ്വാസ് താമസിച്ചിരുന്നത്.

 
Other News in this category

 
 




 
Close Window