Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
ദിനേശിന്റെ ലണ്ടനിലെ ചേച്ചി ഇനിയില്ല
reporter

ആലപ്പുഴ: ലണ്ടന്‍ സ്വദേശിനിയായ 'ചേച്ചി'യെ നിരന്തരം തേടുകയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി ടൂറിസ്റ്റ് ഗൈഡ് ദിനേശ് കുമാര്‍. 25 വര്‍ഷത്തെ ആത്മബന്ധം പൊടുന്നനെ മുറിഞ്ഞുപോയതാണ്. എന്തെങ്കിലും സംഭവിച്ചോ എന്ന പേടി സത്യമായി. കുട്ടനാട് കാണാനെത്തി ദിനേശിന്റെ കുടുംബാംഗമായി മാറിയ കരോള്‍ സെവല്‍ (84) കഴിഞ്ഞ നവംബറില്‍ മരിച്ചുവെന്ന ബന്ധുവിന്റെ കത്ത് കൈനകരി കുപ്പപ്പുറം കളത്തില്‍ച്ചിറ വീട്ടിലെത്തി. അപൂര്‍വവും സുന്ദരവുമായ ഒരു ബന്ധമായിരുന്നു അത്. തെറപ്പിസ്റ്റ് ആയ കരോള്‍ ലണ്ടനില്‍ നിന്ന് 1997 ലാണ് കേരളം കാണാനെത്തിയത്. കുട്ടനാട്ടില്‍ ദിനേശ് ആയിരുന്നു ഗൈഡ്. കരോളിനെ വള്ളത്തിലിരുത്തി കുപ്പപ്പുറം വഴി പോകുമ്പോള്‍, ആറ്റുതീരത്തെ കടവില്‍ പാത്രം കഴുകുന്ന അമ്മയെയും പാടത്ത് പണിയെടുക്കുന്ന പിതാവിനെയും ദിനേശ് കാണിച്ചുകൊടുത്തു. ആ കടവില്‍ വള്ളം അടുപ്പിക്കാന്‍ കരോള്‍ നിര്‍ദേശിച്ചു.

അവിടെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടു, ഇളനീര്‍ കുടിച്ചു, ദിനേശിനൊപ്പം കാല്‍നടയായി കുട്ടനാടന്‍ കാഴ്ചകള്‍ കണ്ടു. ഇടയ്ക്കു ദിനേശ് അവരോടു പ്രായം ചോദിച്ചു. തനിക്ക് 29 വയസ്സായെന്നും പ്രായം അറിഞ്ഞാല്‍ കരോളിനെ ചേച്ചിയെന്നോ ആന്റിയെന്നോ വിളിക്കാമെന്നും ദിനേശ് വിശദീകരിച്ചു. പ്രായത്തില്‍ മുതിര്‍ന്നവരെ കേരളത്തില്‍ പേരു പറഞ്ഞു വിളിക്കില്ലെന്നതും കരോളിനു കൗതുകമായി. തനിക്ക് 57 വയസ്സായെന്നു കരോള്‍ പറഞ്ഞു. പിന്നീടങ്ങോട്ട് ദിനേശ് അവരെ വിളിച്ചത് 'എല്‍ഡര്‍ സിസ്റ്റര്‍'. അതു കരോളിനും ഹൃദ്യമായി. വലിയൊരു തുകയും നല്‍കി തിരിച്ചുപോയ കരോള്‍ ഈ കുട്ടനാടന്‍ കുടുംബത്തെ മറന്നില്ല. കത്തുകളും ആശംസാ കാര്‍ഡുകളും സമ്മാനങ്ങളും ഫോട്ടോകളുമെല്ലാം വന്നുകൊണ്ടിരുന്നു. കത്തില്‍ കരോള്‍ ദിനേശിനെ വിളിച്ചു: മൈ ലിറ്റില്‍ ബ്രദര്‍. 2000 മേയില്‍ ദിനേശ് വിവാഹത്തിനു 'ചേച്ചി'യെ ക്ഷണിച്ചു. കരോള്‍ പങ്കെടുത്തു. പിറ്റേന്നു വധുവരന്മാരെ കൂട്ടി വര്‍ക്കലയില്‍ പോയി.

അവിടെ മൂന്നു ദിവസം കരോളിന്റെ ആതിഥ്യം. പിന്നീടും എല്ലാ സ്‌നേഹസന്തോഷങ്ങളും പങ്കിട്ട് ആ ബന്ധം തുടര്‍ന്നു. 2018ലെ പ്രളയകാലത്ത് ഏതാണ്ട് എല്ലാ ദിവസവും വിളിച്ച് ഇവിടത്തെ വിവരങ്ങള്‍ അവര്‍ തിരക്കിയിരുന്നു. 2020 ഡിസംബറില്‍ കിട്ടിയത് അവസാനത്തെ ക്രിസ്മസ് സമ്മാനവും കത്തുമായിരുന്നു. പിന്നീട് ഒരു വിവരവുമില്ല. ലണ്ടനില്‍ നിന്നു വരുന്ന സഞ്ചാരികളോടെല്ലാം കരോളിനെക്കുറിച്ചു ദിനേശ് തിരക്കും. ആര്‍ക്കും അറിയില്ല. കഴിഞ്ഞ മേയില്‍ കരോളിന്റെ നാട്ടില്‍ നിന്നെത്തിയ ലില്ലി ഫ്രാന്‍സിസ് തിരിച്ചു ചെന്ന് അന്വേഷിച്ച ശേഷം ആദ്യ വിവരം നല്‍കി: കരോള്‍ ലണ്ടനിലെ വീടു വിറ്റ് അമ്മയ്ക്കടുത്തേക്കു പോയി. കോവിഡ് ബാധിച്ച് അമ്മ മരിച്ചതോടെ അവര്‍ പിന്നെ തിരികെ വന്നില്ല. ദിനേശിന് ആകെ നിരാശയായി. പക്ഷേ ലില്ലി അന്വേഷണം തുടര്‍ന്നു. കരോളിന്റെ അനുജത്തി ഗ്ലെന്‍ഡയുടെ മകള്‍ ഹെലനെ അവര്‍ കണ്ടെത്തി. ഹെലന്‍ കഴിഞ്ഞ 27ന് ലില്ലിക്കു വിശദമായ ഒരു കത്തെഴുതി. അതു ലില്ലി ദിനേശിന് അയച്ചു കൊടുത്തു. അപ്രതീക്ഷിതമല്ലെങ്കിലും ഏറെ വേദനിപ്പിക്കുന്ന വിവരം അതിലുണ്ടായിരുന്നു: കരോള്‍ ഈ ലോകത്തു നിന്നു യാത്രയായി. ഭാര്യ റേഷനിങ് ഇന്‍സ്‌പെക്ടര്‍ മിനിമോളും മക്കള്‍ ഗോകുലും ഗോവിന്ദുമടങ്ങിയ ദിനേശിന്റെ കുടുംബത്തിന്റെ സ്‌നേഹസ്മരണകളില്‍ പക്ഷേ കരോളിനു മരണമില്ല.

 
Other News in this category

 
 




 
Close Window