|
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജ്വാല ഗുട്ട ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് ശേഷം ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മുലപ്പാല്‍ ദാനം ചെയ്യുന്ന പരിപാടിയില്‍ സജീവായി പങ്കെടുത്തിരിക്കുകയാണ് താരം. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ നല്‍കുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി മുലപ്പാല്‍ ദാനം ചെയ്തുവെന്ന വാര്‍ത്ത ജ്വാല ഗുട്ട ഭര്‍ത്താവും നടനും നിര്‍മ്മാതാവുമായ വിഷ്ണു വിശാലിനൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
''മുലപ്പാല്‍ ജീവന്‍ രക്ഷിക്കുന്നു. മാസം തികയാതെ ജനിച്ച കുട്ടികള്‍ മുതല്‍ രോഗികളായ കുഞ്ഞുങ്ങളുടെ വരെ. നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ കഴിയുമെങ്കില്‍, ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങള്‍ക്ക് ഒരു ഹീറോ ആകാം. പാല്‍ ബാങ്കുകളെ പിന്തുണയ്ക്കുക!' ജ്വാല ഗുട്ട എക്‌സില്‍ കുറിച്ചു.
ജ്വാല ഇതുവരെ 30 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും ആശുപത്രികളില്‍ മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങളെ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കഴിഞ്ഞ നാല് മാസമായി അവര്‍ പതിവായി മുലപ്പാല്‍ ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. |