|
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു. യുകെയിലെ പ്രാദേശിക സമയം രാവിലെ 10 മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പേപ്പല്‍ പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. യുകെയിലെ ലെസ്റ്ററിലൂള്ള മാര്‍ ഇവാനിയോസ് നഗറില്‍ (SPAL സെന്റര്‍)ആയിരുന്നു ചടങ്ങുകള്‍. രാവിലെ നടന്ന വി കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലിത്തമാരും ഓസ്ട്രിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് അയര്‍ലന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലങ്കര കത്തോലിക്ക സഭ കോ-ഓര്‍ഡിനേറ്റര്‍മാരും യുകെ റീജിയന്റെ മുന്‍ കോ-ഓര്‍ഡിനേറ്റര്‍മാരും സഹകാര്‍മികരായി.
ആഷ്‌ഫെഡ് എം പി ശ്രീ.സോജന്‍ ജോസഫ് ആശംസ അറിയിച്ചു സംസാരിച്ചു. ഉച്ചക്ക് 02.30ന് മെത്രാപ്പോലിത്തമാരും വൈദികരും പങ്കെടുത്ത പ്രദക്ഷിണത്തോടെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഡോ.ജോസഫ് മാര്‍ തോമസ്, ഡോ.തോമസ് മാര്‍ യൗസേബിയോസ്, ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഡോ.മാത്യൂസ് മാര്‍ പക്കോമിയോസ്, ഡോ.ആന്റണി മാര്‍ സില്‍വാനോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പയെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ആയി നിയമിച്ചു കൊണ്ടുള്ള പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഉത്തരവ് സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത വായിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ റവ. ഡോ. ലൂയിസ് ചരുവിള പാപ്പി സ്വാഗതം ആശംസിച്ച യോഗം, നോട്ടിംഗ്ഹാം ബിഷപ്പ് മോസ്റ്റ് റവ.പാട്രിക് മിക്ക്‌കെന്നി ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ സഭകള്‍ക്കായുള്ള പ്രീഫെക്റ്റ് കര്‍ദിനാള്‍ ക്ലാഡിയോ ഗുഗെരോട്ടിയുടെ സന്ദേശം അഭിവന്ദ്യ ആന്റണി മാര്‍ മാര്‍ സില്‍വാനോസ് എപ്പിസ്‌കോപ്പ ചടങ്ങില്‍ വായിച്ചു. സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ്, ആഫ്രിക്ക, യു.കെ. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.എബ്രഹാം മാര്‍ സ്‌തേഫാനോസ്, ബര്‍മിംഗ്ഹാം രൂപതയുടെ സഹായ മെത്രാന്‍ മോസ്റ്റ് റവ. റിച്ചാര്‍ഡ് വാക്കര്‍, മുവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്തായും മുന്‍ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, യൂറോപ്പ് ആന്‍ഡ് യുകെ ക്ലര്‍ജി റെപ്രസെന്റേറ്റീവ് മോണ്‍. ഡോ. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തില്‍ എന്നിവര്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് യുകെ മലങ്കര കാത്തലിക് ക്വയര്‍ ഗാനാലാപനം നടത്തി.
യുകെ നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ.റോണി ജേക്കബ് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് മറുപടി പ്രസംഗം നടത്തി യുകെ നാഷണല്‍ കൗണ്‍സിലിന്റെ ജോയിന്റ് സെക്രട്ടറിയായ ശ്രീമതി.പ്രിന്‍സി വര്‍ഗീസ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
News by:
Arun Varghese
For Media & Publicity Committee
Inauguration of the Apostolic Mission of
The Apostolic Visitator for Europe
+44 7867251967(UK) |