|
ഗസയില്‍ നിരപരാധികളുടെ ജീവന്‍ ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മൗനം ഒരു വഴിയല്ല. ഇന്ത്യ ശക്തമായി സംസാരിക്കണം, ലോകം ഒന്നിക്കണം, നാം എല്ലാവരും ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കണം. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയവേദന ഉണ്ടാക്കുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. ഗാസയിലെ മരണസംഖ്യ 65,000 കവിഞ്ഞു. അല്‍ജസീറയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റിലൂടെ പ്രതികരിച്ചത്.
ഗസ്സയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. ഓരോ ദൃശ്യവും ഹൃദയവേദന ഉണ്ടാക്കുന്നതാണ്. കുഞ്ഞുങ്ങളുടെ നിലവിളികള്‍, പട്ടിണി കിടക്കുന്ന കുട്ടികളുടെ കാഴ്ച, ആശുപത്രികള്‍ക്ക് നേരെയുള്ള ബോംബാക്രമണം, യുഎന്‍ കമ്മീഷന്റെ വംശഹത്യ പ്രഖ്യാപനം എന്നിവ ഒരു മനുഷ്യനും ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത കഷ്ടപ്പാടുകള്‍ കാണിക്കുന്നു.
നിരപരാധികളുടെ ജീവിതങ്ങള്‍ ഈ രീതിയില്‍ തകര്‍ക്കപ്പെടുമ്പോള്‍, നിശബ്ദത അഭികാമ്യമല്ല. എല്ലാവരുടെയും മനസ്സാക്ഷി ഉണരണം. ഇന്ത്യ ഉറച്ചു നിലപാട് സ്വീകരിക്കണം, ലോകം ഒന്നിക്കണം, ഈ ഭീകരത ഉടന്‍ അവസാനിപ്പിക്കാന്‍ നാമെല്ലാവരും പ്രവര്‍ത്തിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. |