മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. അക്രമിയെയും ഉള്‍പ്പെടുത്തി ഈ എണ്ണം. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് നല്‍കിയ വിവരമനുസരിച്ച്, ജിഹാദ് അല്‍ ഷാമി (35) എന്ന ബ്രിട്ടീഷ് പൗരനാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. സിറിയന്‍ വംശജനായ ഇയാളെ സംഭവ സ്ഥലത്ത് വെച്ചുതന്നെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഏഡ്രിയന്‍ ഡോള്‍ബി (53), മെല്‍വിന്‍ ക്രാവിറ്റ്സ് (65) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ക്രംപ്‌സലിലെ ജൂത സഭയിലെ അംഗങ്ങളായിരുന്നു. അക്രമിയെ വെടിവെക്കുന്നതിനിടെ ഒരാള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ജൂതരുടെ പുണ്യദിനമായ യോം കിപ്പൂര്‍ ആചരിക്കവെ നടന്ന ആക്രമണത്തില്‍, സിനഗോഗിന് പുറത്ത് ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി, കത്തി ഉപയോഗിച്ച് ആളുകളെ കുത്തുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ജൂത സമൂഹത്തില്‍ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സമയത്താണ് ഈ ആക്രമണം നടന്നത്. സംഭവം ഭയപ്പെടുത്തുന്നതാണെന്നും, പുണ്യദിനത്തില്‍ ആക്രമണം നടന്നത് കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി കിയേര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.
രാജ്യത്തെ മുഴുവന്‍ സിനഗോഗുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ മത-സാംസ്‌കാരിക ആചാരങ്ങള്‍ മാനിക്കുന്നതില്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട രണ്ടുപേരും ക്രംപ്‌സാള്‍ സ്വദേശികളാണ്. പോസ്റ്റ്മോര്‍ട്ടം വെള്ളിയാഴ്ച നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.