ലണ്ടന്‍: ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ബ്രിട്ടിഷ് പൗരന്‍ മൈക്കല്‍ തോംപ്‌സണിന് (56) ജീവപര്യന്തം തടവ്. പരോള്‍ പരിഗണിക്കുന്നതിന് മുമ്പ് കുറഞ്ഞത് 33 വര്‍ഷം തടവില്‍ കഴിയണമെന്ന് നോട്ടിങ്ഹാം ക്രൗണ്‍ കോടതി വിധിച്ചു. ശിക്ഷാവിധി കേള്‍ക്കാന്‍ പോലും കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ച പ്രതിയെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു. 2025 ഓഗസ്റ്റ് ഒന്‍പതിന് ഇംഗ്ലണ്ടിലെ നോര്‍താംപ്ടണിലുള്ള വീട്ടില്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യ കിംബര്‍ലി തോംപ്‌സണെ (43) മൈക്കല്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹത്തിന് സമീപം ഗുളികകളും മദ്യക്കുപ്പികളും വച്ച് ആത്മഹത്യയുടെ പ്രതീതി സൃഷ്ടിച്ചു. കിംബര്‍ലിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പിന്നീട് ആംബുലന്‍സ് സേവനത്തെ വിളിച്ച് ഭാര്യ ആത്മഹത്യ ചെയ്‌തെന്ന നാടകം അവതരിപ്പിച്ചു. എന്നാല്‍ ശാസ്ത്രീയ തെളിവുകളും പൊലീസ് അന്വേഷണവും മൈക്കലിന്റെ കള്ളക്കളി പുറത്തുകൊണ്ടുവന്നു. 19 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷം ഇരുവരും രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞിരുന്നെങ്കിലും ഒരേ വീട്ടില്‍ പ്രത്യേക മുറികളിലായിരുന്നു താമസം. വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലായിരുന്ന കിംബര്‍ലി പുതിയ ജീവിതം ആരംഭിക്കാനും മറ്റൊരു ബന്ധത്തിലേക്കു നീങ്ങാനും ഒരുങ്ങിയിരുന്നതായി കോടതിയില്‍ തെളിഞ്ഞു. വിവാഹമോചന നഷ്ടപരിഹാരമായി കിംബര്‍ലി 65,000 പൗണ്ട് ആവശ്യപ്പെട്ടിരുന്നതും കേസിന്റെ പ്രധാന പശ്ചാത്തലമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആറാഴ്ച നീണ്ട വിചാരണയില്‍, വര്‍ഷങ്ങളായി അവര്‍ കടുത്ത ഗാര്‍ഹിക പീഡനത്തിനും ശാരീരിക അതിക്രമങ്ങള്‍ക്കും ഇരയായിരുന്നുവെന്ന് തെളിഞ്ഞു.
2013ല്‍ കിംബര്‍ലി ഗാര്‍ഹിക പീഡന സഹായകേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും ഭയം കാരണം പരാതി പിന്‍വലിച്ചതായി നോര്‍താംപ്ടണ്‍ഷയര്‍ പൊലീസ് അറിയിച്ചു. പീഡനവും കൊലപാതകവും മറച്ചുവയ്ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട രണ്ടുകേസുകളിലും മൈക്കല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതി ഒരിക്കല്‍പോലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ വേദന കേള്‍ക്കാന്‍ പോലും കോടതിയില്‍ ഹാജരാകാതിരുന്നത് ഭീരുത്വത്തിന്റെയും അവഹേളനത്തിന്റെയും പരമാവധി പ്രകടനമാണെന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് നിര്‍മല്‍ ശാന്ത് കെ.സി. വിമര്‍ശിച്ചു. വിഡിയോ ലിങ്കിലൂടെ കോടതിയെ അഭിസംബോധന ചെയ്ത മകള്‍ അഥീന, പിതാവിനെ അസൂയയും വഞ്ചനയും നിറഞ്ഞ സ്വാര്‍ത്ഥനായ മനുഷ്യനെന്നാണ് വിശേഷിപ്പിച്ചത്. ''അമ്മയെ കൊന്ന ദിവസം എന്നെയും നിങ്ങള്‍ ഇല്ലാതാക്കി. എന്നിരുന്നാലും അമ്മയെ അഭിമാനിപ്പിക്കുന്ന ജീവിതം ഞാന്‍ തുടരും,'' അഥീന വികാരാധീനയായി പറഞ്ഞു. കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ടോറി ഹാരിസണ്‍, കിംബര്‍ലി ഏകദേശം രണ്ട് പതിറ്റാണ്ടോളം കടുത്ത ഗാര്‍ഹിക പീഡനം സഹിച്ചിരുന്നുവെന്ന് പറഞ്ഞു. സമാന സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ ഭയപ്പെടാതെ സഹായം തേടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.