ലണ്ടന്‍: റോച്ച്ഡെയില്‍ ഗ്രൂമിങ് ഗാങ് കേസില്‍ ശിക്ഷിക്കപ്പെട്ട ഷബീര്‍ അഹമ്മദിനെ നാടുകടത്തുന്നതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി ഷബാന മഹ്മൂദ് പ്രഖ്യാപിച്ചു. 1971ലെ ഇമിഗ്രേഷന്‍ നിയമത്തിലെ വ്യവസ്ഥയാണ് അഹമ്മദിനെ നാടുകടത്തുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ഈ നിയമതടസ്സം മറികടക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ 2012ല്‍ ഷബീര്‍ അഹമ്മദിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ മാസം ആദ്യം ഇയാള്‍ ജയിലില്‍നിന്ന് മോചിതനായി. ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അഹമ്മദിന്റെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കിയിരുന്നു. എന്നാല്‍ 1973ന് മുമ്പ് ബ്രിട്ടനിലെത്തിയ ചില കോമണ്‍വെല്‍ത്ത് പൗരന്മാരെ നാടുകടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമവ്യവസ്ഥ കാരണം ഇയാളെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നതോടെ അഹമ്മദിനെ നാടുകടത്തുന്നതിനുള്ള പ്രധാന നിയമതടസ്സം നീങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിയമഭേദഗതി നടപ്പാക്കിയാലും അഹമ്മദിനെ സ്വീകരിക്കാന്‍ പാക്കിസ്ഥാന് തയ്യാറാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. താന്‍ പാക്കിസ്ഥാന് പൗരത്വം ഉപേക്ഷിച്ചുവെന്നാണ് അഹമ്മദിന്റെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബ്രിട്ടനും പാക്കിസ്ഥാനും നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്യുകയാണെന്നാണ് വിവരം. അഹമ്മദിന്റെ മോചനത്തിനെതിരെ കേസിലെ ഇരകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരെ നാടുകടത്തുന്നതില്‍ നിലവിലുള്ള നിയമങ്ങള്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. നിലവില്‍ ജിപിഎസ് ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ചും കര്‍ശനമായ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിധേയമായുമാണ് അഹമ്മദ് കഴിയുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ വീണ്ടും ജയിലിലടയ്ക്കുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.