ലണ്ടന്‍: ദക്ഷിണ ലണ്ടനിലെ രണ്ട് മുസ്ലിം പള്ളികളെ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്‌തെന്ന ആരോപണത്തില്‍ 14 വയസ്സുകാരനെതിരെ തീവ്രവലതുപക്ഷ ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി. സട്ടണ്‍ മേഖലയില്‍ താമസിക്കുന്ന ബാലനെയാണ് മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയത്. ജൂണ്‍ 20-ന് സട്ടണ്‍ മേഖലയില്‍ കാറിന്റെ ചില്ല് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ജൂലൈ ഒമ്പതിന് ബാലനെ ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ആശങ്കയുണ്ടാക്കുന്ന നിരവധി രേഖകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടെ തീവ്രവലതുപക്ഷ ഭീകരവാദവുമായി ബന്ധമുള്ളതായി സംശയിക്കുന്ന കേസില്‍ ഭീകരവിരുദ്ധ നിയമപ്രകാരവും ബാലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൗണ്ടര്‍ ടെററിസം പൊലീസിന്റെ തുടര്‍ അന്വേഷണത്തിനും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസുമായുള്ള കൂടിയാലോചനയ്ക്കും ശേഷമാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്തിയെന്ന കുറ്റം ചുമത്തിയത്. 2006-ലെ ടെററിസം ആക്ടിലെ സെക്ഷന്‍ അഞ്ചുപ്രകാരമാണ് കേസ്.
സട്ടണ്‍ മേഖലയിലെ രണ്ട് പള്ളികളെ ലക്ഷ്യമിട്ടുള്ള ആക്രമണപദ്ധതിയുമായി ബന്ധപ്പെട്ടാണ് ഭീകരവാദക്കുറ്റമെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധപ്പെട്ട പള്ളികളുടെ അധികൃതരുമായി പൊലീസ് ബന്ധപ്പെടുകയും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സഹായവും സുരക്ഷാ നിര്‍ദേശങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ അന്വേഷിക്കുന്നില്ലെന്നും നിലവില്‍ പൊതുജനങ്ങള്‍ക്ക് തുടര്‍ന്നുള്ള ഭീഷണിയുള്ളതായി കരുതുന്നില്ലെന്നും പൊലീസ് അറിയിച്ചു. കാറിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ വംശീയ വിദ്വേഷത്താല്‍ പ്രേരിതമായ സ്വത്തുനശീകരണത്തിനുള്ള കുറ്റവും ബാലനെതിരെ ചുമത്തിയിട്ടുണ്ട്. നിയമപരമായ കാരണമില്ലാതെ മറ്റൊരാളുടെ സ്വത്ത് മനഃപൂര്‍വം നശിപ്പിച്ചെന്നും കുറ്റകൃത്യം വംശീയമായി അധിക്ഷേപകരമായിരുന്നെന്നുമാണ് ആരോപണം. ''ഇത്രയും പ്രായം കുറഞ്ഞ ഒരാള്‍ക്കെതിരെ ഇത്തരമൊരു ഗുരുതരമായ ഭീകരവാദക്കുറ്റം ചുമത്തേണ്ടിവന്നത് അതീവ ആശങ്കാജനകമാണ്. സംഭവം പൊതുജനങ്ങളിലും പ്രദേശവാസികളിലും, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിലും വലിയ ആശങ്ക സൃഷ്ടിക്കുമെന്ന് അറിയാം. ബന്ധപ്പെട്ട ആരാധനാലയങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും പിന്തുണയും തുടര്‍ന്നും നല്‍കും,'' ലണ്ടന്‍ കൗണ്ടര്‍ ടെററിസം പൊലീസിന്റെ മേധാവി കമാന്‍ഡര്‍ ഹെലന്‍ ഫ്‌ലാനഗന്‍ പറഞ്ഞു.
ഭീകരവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ കുട്ടികളുടെയും കൗമാരക്കാരുടെയും പങ്കാളിത്തം വര്‍ധിച്ചുവരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും അവര്‍ വ്യക്തമാക്കി. തീവ്രവാദ ആശയങ്ങളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് തടയാന്‍ പൊലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കുട്ടികളുടെ സുരക്ഷാ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സഫോക്കില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തിനെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായതിനും ലെയ്റ്റണിലെ പള്ളിക്കു പുറത്തുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതിനും ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ സംഭവം. ഇതേത്തുടര്‍ന്ന് ബാധിത പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെയായി ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്കും സമൂഹാംഗങ്ങള്‍ക്കുമെതിരായ ഭീഷണി, നശീകരണം, തീവെപ്പ് ശ്രമം, അക്രമം തുടങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്.