ലണ്ടന്‍: കോവിഡ് മഹാമാരിക്കാലത്ത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏകദേശം 10 ബില്യണ്‍ പൗണ്ട് പൊതുപണം പാഴാക്കിയതായി യു.കെ. കോവിഡ് അന്വേഷണ കമ്മീഷന്. പിപിഇ സംഭരണവും വിതരണവും പരിശോധിച്ച അന്വേഷണത്തിന്റെ അഞ്ചാമത്തെ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. റിപ്പോര്‍ട്ട് ജൂലൈ 14-നാണ് പ്രസിദ്ധീകരിച്ചത്. പിപിഇ വാങ്ങുന്നതിനായി ചെലവഴിച്ച ഏകദേശം 14.9 ബില്യണ്‍ പൗണ്ടില്‍ മൂന്നില്‍ രണ്ടുഭാഗവും ഉപയോഗശൂന്യമായോ ആവശ്യത്തിലധികം വാങ്ങിയതോ നിലവാരമില്ലാത്തതോ ആയ ഉപകരണങ്ങള്‍ക്കായി പാഴായെന്ന് അന്വേഷണ കമ്മീഷന് അധ്യക്ഷ ബാരോണസ് ഹീതര്‍ ഹാലറ്റ് വ്യക്തമാക്കി. ഒഴിവാക്കാമായിരുന്ന വന്‍തോതിലുള്ള പൊതുപണനഷ്ടമാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2020-ന്റെ തുടക്കത്തില്‍ കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ആഗോളതലത്തില്‍ ആരോഗ്യസുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള മത്സരത്തെ നേരിടാന്‍ ബ്രിട്ടന് തയ്യാറായിരുന്നില്ല. രാജ്യത്തെ പിപിഇ ശേഖരം അപകടകരമാംവിധം അപര്യാപ്തമായിരുന്നുവെന്നും അടിയന്തര സംഭരണ പദ്ധതികള്‍ വേണ്ടവിധം പരീക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ വിതരണക്കാരെ അമിതമായി ആശ്രയിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
മഹാമാരിക്ക് മുമ്പ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന മാസ്കുകളില്‍ മൂന്നിലൊന്ന് മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്ന നിലയിലുണ്ടായിരുന്നത്. സ്കോട്ട്ലന്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉയര്‍ന്ന നിലവാരമുള്ള എഫ്എഫ്പി3 മാസ്കുകളുടെ ശേഖരവും ഉണ്ടായിരുന്നില്ല. ഇതോടെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പരിചരണ മേഖലയിലെ ജീവനക്കാര്‍ക്കും മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടിവന്നുവെന്നും രോഗികളെയും ജീവനക്കാരെയും ഇത് അപകടത്തിലാക്കിയെന്നും അന്വേഷണം കണ്ടെത്തി. കോവിഡ് കാലത്ത് അടിയന്തര പിപിഇ കരാറുകള്‍ക്ക് മുന്‍ഗണന നല്കാന് രൂപവത്കരിച്ച 'ഹൈ പ്രയോറിറ്റി ലെയ്ന്‍' അഥവാ 'വിഐപി ലെയ്ന്‍' സംവിധാനത്തെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാര്‍, എംപിമാര്‍, പ്രഭുസഭാംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ശുപാര്‍ശയോടെ എത്തിയ കമ്പനികളുടെ വാഗ്ദാനങ്ങള്‍ അതിവേഗം പരിഗണിക്കാനാണ് സംവിധാനം ഉപയോഗിച്ചത്.
ഈ സംവിധാനത്തിലൂടെ നല്കിയ പിപിഇ കരാറുകള്‍ക്കായി സര്‍ക്കാര്‍ ഏകദേശം 4.2 ബില്യണ്‍ പൗണ്ട് ചെലവഴിച്ചു. രാഷ്ട്രീയ-സര്‍ക്കാര്‍ ബന്ധങ്ങളുള്ള ചില വിതരണക്കാര്‍ക്ക് അനുകൂല പരിഗണന ലഭിച്ചതായും ഇത് സംഭരണ നടപടികളുടെ നീതിയിലും സുതാര്യതയിലുമുള്ള പൊതുവിശ്വാസം തകര്‍ത്തതായും റിപ്പോര്‍ട്ട് പറയുന്നു. അന്തിമമായി കരാറുകള്‍ അനുവദിച്ച മന്ത്രിമാരുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് അഴിമതിയോ സ്വജനപക്ഷപാതമോ നടന്നതായി അന്വേഷണത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ബന്ധമുള്ളവര്‍ക്ക് സ്വാഭാവികമായി മുന്‍തൂക്കം നല്കുന്ന തരത്തില്‍ ഹൈ പ്രയോറിറ്റി ലെയ്ന്‍ സംവിധാനം പക്ഷപാതപരമായിരുന്നുവെന്നും ദുരുപയോഗ സാധ്യത വര്‍ധിപ്പിച്ചുവെന്നും ഹാലറ്റ് വിലയിരുത്തി. ഇത്തരം സംവിധാനം ഇനി ആവര്‍ത്തിക്കരുതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകളില്‍ സമാന വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 11 ശുപാര്‍ശകളും അന്വേഷണ കമ്മീഷന് മുന്നോട്ടുവെച്ചു. ബ്രിട്ടനിലെ മെഡിക്കല്‍ ഉപകരണ നിര്‍മാണശേഷി വര്‍ധിപ്പിക്കുക, പിപിഇ ശേഖരത്തിന്റെ പരിപാലനം മെച്ചപ്പെടുത്തുക, വിതരണശൃംഖലയും അടിയന്തര സംഭരണ സംവിധാനവും പുനഃസംഘടിപ്പിക്കുക, കരാറുകളില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണെന്നും അന്വേഷണ കമ്മീഷന്റെ ശുപാര്‍ശകള്‍ വിശദമായി പരിശോധിച്ച് മറുപടി നല്‍കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.