ലണ്ടന്‍: കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ ബ്രിട്ടനിലെ കെയര്‍ ഹോം അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. പ്രായമായവരും രോഗസാധ്യത കൂടുതലുള്ളവരുമായ അന്തേവാസികള്‍ക്കിടയില്‍ വൈറസ് വ്യാപിക്കാനും മരണങ്ങള്‍ വര്‍ധിക്കാനും സര്‍ക്കാരിന്റെ നടപടികളിലെ പോരായ്മകള്‍ കാരണമായെന്ന് ഹീതര്‍ ഹാലറ്റിന്റെ നേതൃത്വത്തിലുള്ള കൊവിഡ് അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. കെയര്‍ ഹോമുകള്‍ക്കുചുറ്റും 'സുരക്ഷിത വലയം' ഒരുക്കിയെന്ന അന്നത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോകിന്റെ അവകാശവാദം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിച്ചു. ആശുപത്രികളില്‍നിന്ന് കെയര്‍ ഹോമുകളിലേക്ക് മാറ്റിയ പ്രായമായ രോഗികളെ ഐസൊലേറ്റ് ചെയ്യണമെന്ന നിര്‍ദേശം നല്‍കാതിരുന്നത് പ്രധാന വീഴ്ചയായി റിപ്പോര്‍ട്ട് വിലയിരുത്തി. ഇത് അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ രോഗവ്യാപനത്തിന് വഴിയൊരുക്കിയെന്നാണ് കണ്ടെത്തല്‍.
ബന്ധുക്കളുടെ സന്ദര്‍ശനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും അന്തേവാസികളെ പ്രതികൂലമായി ബാധിച്ചു. പ്രിയപ്പെട്ടവരുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെട്ടത് അവരെ ഒറ്റപ്പെടലിലേക്ക് നയിച്ചെന്നും സന്ദര്‍ശനവിലക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയെന്നും ഹാലറ്റ് ചൂണ്ടിക്കാട്ടി. എന്‍എച്ച്എസിനെ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കിയപ്പോള്‍ മുതിര്‍ന്നവരുടെ സാമൂഹിക പരിചരണത്തിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കെയര്‍ ഹോമുകളിലെ ആളുകളുടെ സുരക്ഷ പിന്നോട്ടുപോയെന്നും ആവശ്യമായ സംരക്ഷണം ഉറപ്പാക്കിയില്ലെന്നും അന്വേഷണത്തില്‍ വിലയിരുത്തി. 2020 മാര്‍ച്ചുമുതല്‍ 2022 ജൂലൈവരെ യുകെയിലെ കെയര്‍ ഹോമുകളില്‍ 43,000-ത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്തേവാസികളെ പരിചരിച്ച ജീവനക്കാരെയും മഹാമാരിക്കാലം സാരമായി ബാധിച്ചതായി 287 പേജുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.