Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8445 INR  1 EURO=109.878 INR
ukmalayalampathram.com
Fri 04th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫില്‍ ഭിന്നത; ഉപസമിതി കരടില്‍ വ്യക്തമായ ശുപാര്‍ശയില്ല
reporter

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ സ്‌കൂള്‍ നവീകരണ പദ്ധതിയില്‍ കേരളം പങ്കാളിയാകണമോ എന്ന വിഷയത്തില്‍ ഭരണകക്ഷിയായ യുഡിഎഫില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും, മുന്നണിക്കുള്ളില്‍ അഭിപ്രായൈക്യം രൂപപ്പെടാത്തതിനാല്‍ അന്തിമ തീരുമാനം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള വഴിയാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി പിഎം ശ്രീ പദ്ധതിയില്‍ ചേരുന്നതിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ക്കുന്നതായാണ് വിവരം. അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്വീകരിക്കുന്നതെന്നാണ് സൂചന. മന്ത്രി എന്‍. ഷംസുദ്ദീന്‍ കണ്‍വീനറും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവര്‍ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതിയാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ പദ്ധതി നടപ്പാക്കണമെന്നോ വേണ്ടെന്നോ ഉള്ള വ്യക്തമായ ശുപാര്‍ശയോ നിഗമനമോ റിപ്പോര്‍ട്ടിലില്ലെന്നാണ് വിവരം. വിഷയത്തിന്റെ നിലവിലെ വസ്തുതകളും സാമ്പത്തിക വശങ്ങളുമാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിഎം ശ്രീ കരാറില്‍ ഒപ്പുവെച്ചാല്‍ സമഗ്ര ശിക്ഷ കേരളം വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട 1,540 കോടി രൂപയുടെ കേന്ദ്ര വിഹിതം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണാധികാരവും സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി ചര്‍ച്ച നടത്തി ഫണ്ട് നേടിയെടുക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന നിലപാടാണ് യുഡിഎഫിലെ ഭൂരിഭാഗം ഘടകകക്ഷികളും സ്വീകരിക്കുന്നതെന്നാണ് വിവരം. അതേസമയം, ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ള വിഷയത്തില്‍ ആദ്യവട്ട മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. മുന്നണി നേതൃത്വം നേരിട്ട് ഏറ്റെടുക്കാന്‍ മടിക്കുന്ന തീരുമാനത്തിന്റെ രാഷ്ട്രീയ ബാധ്യത യുവ മന്ത്രിമാരുടെ മേല്‍ മാത്രം വരുമെന്ന ആശങ്കയാണ് ഇവര്‍ ഉയര്‍ത്തുന്നത്. പിഎം ശ്രീ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് യുഡിഎഫ് ഉന്നതാധികാര സമിതിയിലും മന്ത്രിസഭയിലും വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. ഇതോടെ വരും ദിവസങ്ങളില്‍ വിഷയം മുന്നണിക്കുള്ളില്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാനാണ് സാധ്യത.

 
Other News in this category

 
 




 
Close Window