Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8445 INR  1 EURO=109.878 INR
ukmalayalampathram.com
Fri 04th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
9,400 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍; 40 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്‌ലൈ91
reporter

കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ ഫ്‌ലൈ91 വന്‍ വിപുലീകരണത്തിനൊരുങ്ങുന്നു. ഏകദേശം 9,400 കോടി രൂപ ചെലവില്‍ 40 പുതിയ എടിആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങള്‍ വാങ്ങാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രാദേശിക എയര്‍ലൈന്‍ ഒരേസമയം ഇത്രയധികം എടിആര്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത് ലോകത്ത് ആദ്യമാണെന്നാണ് വിവരം. കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്‌ലൈ91 ഗോവ ആസ്ഥാനമാക്കി 2024ലാണ് സര്‍വീസ് ആരംഭിച്ചത്. വ്യോമയാന രംഗത്ത് മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തനപരിചയമുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ സ്ഥാപകരില്‍ പ്രധാനി. ഗോവയും ഹൈദരാബാദുമാണ് നിലവിലെ പ്രധാന ബേസുകള്‍. മലയാളിയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനിയെന്ന സവിശേഷതയും ഫ്‌ലൈ91ക്കുണ്ട്. നിലവില്‍ ആറ് വിമാനങ്ങളുള്ള കമ്പനിക്ക് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 60 വിമാനങ്ങളുള്ള എയര്‍ലൈനായി വളരുകയാണ് ലക്ഷ്യം. ഏകദേശം 100 കോടി യുഎസ് ഡോളര്‍ മൂല്യമുള്ളതാണ് എടിആറുമായുള്ള പുതിയ കരാറെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷാവസാനത്തോടെ പുതിയ വിമാനങ്ങളുടെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതുവരെ സര്‍വീസ് വിപുലീകരണത്തിനായി ആറു മുതല്‍ എട്ടുവരെ വിമാനങ്ങള്‍ കൂടി ലീസിനെടുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ ടിയര്‍-2, ടിയര്‍-3 നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് മുന്‍ഗണന. കേരളത്തില്‍ കൊച്ചിക്ക് പുറമേ കണ്ണൂരിലേക്കും സര്‍വീസ് വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 15,000ത്തിലേറെ വിമാന സര്‍വീസുകള്‍ പൂര്‍ത്തിയാക്കിയതായാണ് കമ്പനിയുടെ കണക്ക്. ആറ് വിമാനങ്ങള്‍ ഉപയോഗിച്ച് നിലവില്‍ 12 നഗരങ്ങളിലേക്ക് പ്രതിവാരം 280 സര്‍വീസുകളാണ് നടത്തുന്നത്. കൊച്ചി-അഗത്തി സര്‍വീസിന് പുറമേ ഹുബ്ബള്ളി, ബെംഗളൂരു, രാജമുണ്ട്രി, വിജയവാഡ, ജല്‍ഗാവ്, പുണെ, സിന്ദുദുര്‍ഗ്, സോലാപുര്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും ഫ്‌ലൈ91 സര്‍വീസ് നടത്തുന്നുണ്ട്. തിരുപ്പതിയിലേക്കും ഉടന്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.

മെഗാ വിമാന ഓര്‍ഡറുമായി ബന്ധപ്പെട്ട കരാര്‍ നടപടികള്‍ക്കായി എടിആറിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തിയിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹന്‍ നായിഡുവും പങ്കെടുത്തു. 72 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള എടിആര്‍ 72-600 വിമാനങ്ങളാണ് ഫ്‌ലൈ91 പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര ടെലിഫോണ്‍ കോഡായ '91'നെ അടിസ്ഥാനമാക്കിയാണ് കമ്പനിക്ക് 'ഫ്‌ലൈ91' എന്ന പേര് നല്‍കിയിരിക്കുന്നത്. അതേസമയം, വീരചക്ര ജേതാവും മുന്‍ ഇന്ത്യന്‍ വ്യോമസേനാ യുദ്ധവിമാന പൈലറ്റുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ അടുത്തിടെ ഫ്‌ലൈ91യില്‍ പൈലറ്റായി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് 40 പുതിയ വിമാനങ്ങള്‍ വാങ്ങുന്ന വന്‍ വിപുലീകരണ പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്.

 
Other News in this category

 
 




 
Close Window