Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2157 INR  1 EURO=110.5094 INR
ukmalayalampathram.com
Sun 30th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓട്ടോ ഡ്രൈവറുടെ മരണം; മോഡിഫിക്കേഷന്‍ നിയമങ്ങളും ആര്‍ടിഒയിലെ ഏജന്റ് സംവിധാനവും ചോദ്യം ചെയ്ത് തൊഴിലാളികള്‍
reporter

മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ, വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ നടപ്പാക്കുന്ന രീതിക്കും ആര്‍ടിഒ ഓഫീസുകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഏജന്റ് സംവിധാനത്തിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. സാധാരണ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നില്ലെന്നും പല കാര്യങ്ങള്‍ക്കും ഏജന്റുമാരെ ആശ്രയിക്കേണ്ട സാഹചര്യമാണെന്നും ഓട്ടോ തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. ഷൗക്കത്തിന്റെ ഓട്ടോറിക്ഷയില്‍ അനധികൃത മോഡിഫിക്കേഷന്‍ ഉണ്ടെന്നും അത് നീക്കം ചെയ്താല്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാകൂ എന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. എന്നാല്‍ വാഹനങ്ങളില്‍ അനുവദനീയമായ മാറ്റങ്ങളും നിയമവിരുദ്ധ മോഡിഫിക്കേഷനുകളും ഏതൊക്കെയാണെന്ന കാര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും ബോധവത്കരണവും നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നാണ് തൊഴിലാളികളുടെ പരാതി.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കാരണമാകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വാഹനത്തിലുണ്ടായിരുന്നെങ്കില്‍ മുന്‍പ് രണ്ടുതവണ പെര്‍മിറ്റ് എങ്ങനെ ലഭിച്ചുവെന്നും തൊഴിലാളികള്‍ ചോദിക്കുന്നു. മോഡിഫിക്കേഷന്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്താകെ ഏകീകൃത സമീപനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നിരത്തിലോടുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് ഫിറ്റ്‌നസ് നിഷേധിക്കുന്നത് ഡ്രൈവര്‍മാരുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്നതായി തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. നിയമലംഘനം കണ്ടെത്തിയാല്‍ അത് പരിഹരിക്കാന്‍ വ്യക്തമായ നിര്‍ദേശം നല്‍കുകയും ആവശ്യമായ സമയം അനുവദിക്കുകയും വേണമെന്നാണ് ആവശ്യം. വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്നത് യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നുവെന്നും എന്നാല്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കകം ചെറിയ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ക്കുപോലും വലിയ പിഴ ചുമത്തുന്ന സാഹചര്യമാണുള്ളതെന്നും സി.ഐ.ടി.യു മലപ്പുറം ജില്ലാ ലൈറ്റ് മോട്ടോര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആറുമുഖന്‍ ആരോപിച്ചു.

ഷൗക്കത്തിന്റെ ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ സീറ്റിന് സമീപം സ്ഥാപിച്ചിരുന്ന നാല് കമ്പികളെയാണ് അധികൃതര്‍ മോഡിഫിക്കേഷനായി കണക്കാക്കിയതെന്നാണ് ആറുമുഖന്റെ ആരോപണം. അതേസമയം ഓട്ടോറിക്ഷയുടെ ഇരുവശങ്ങളിലും ഡോര്‍ സ്ഥാപിക്കുന്നത് പ്രശ്‌നമായി കാണുന്നില്ലെന്നും നിയമം നടപ്പാക്കുന്നതില്‍ ഇരട്ടത്താപ്പാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ആര്‍ടിഒ ഓഫീസുകളിലെ ഏജന്റ് ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങളും വീണ്ടും സജീവമായിട്ടുണ്ട്. നേരിട്ട് ഓഫീസിലെത്തുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പലതവണ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടെന്നും, ഏജന്റുമാര്‍ മുഖേന അപേക്ഷകളും മറ്റ് നടപടികളും നടത്തുമ്പോള്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നതായും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ''മലപ്പുറത്തെ ആര്‍ടിഒ ഓഫീസുകള്‍ മാസങ്ങളായി ഏജന്റുമാരുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. നേരിട്ട് ഓഫീസിലെത്തുന്നവര്‍ക്ക് പലതവണ കയറിയിറങ്ങേണ്ടിവരുന്നു. എന്നാല്‍ ഏജന്റുമാര്‍ വഴി സമീപിച്ചാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കുന്നു. ഇതുമൂലം സാധാരണ ഡ്രൈവര്‍മാര്‍ അധിക പണം നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണ്,'' ആറുമുഖന്‍ ആരോപിച്ചു.

ഏജന്റുമാര്‍ ഈടാക്കുന്ന പണത്തിന്റെ ഒരു ഭാഗം ഉദ്യോഗസ്ഥരിലേക്ക് എത്തുന്നുണ്ടെന്ന ഗുരുതര ആരോപണവും സംഘടന ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളില്‍ ബന്ധപ്പെട്ട അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ കഴിയാതിരുന്നതും ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതിരുന്നതും ഷൗക്കത്തിനെ കടുത്ത സാമ്പത്തികവും മാനസികവുമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കോ ഇടനിലക്കാര്‍ക്കോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മോഡിഫിക്കേഷന്‍ നിയമങ്ങള്‍ സാധാരണ ഡ്രൈവര്‍മാരുടെ ഉപജീവനം നഷ്ടപ്പെടുത്തുന്ന രീതിയില്‍ നടപ്പാക്കരുതെന്നും ആര്‍ടിഒ ഓഫീസുകളിലെ ഏജന്റ് ഇടപെടലുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഷൗക്കത്തിന്റെ മരണം ഒറ്റപ്പെട്ട സംഭവമായി കാണാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവന സംവിധാനവും നിലവിലെ നിയമങ്ങളുടെ പ്രായോഗികതയും പുനഃപരിശോധിക്കാനുള്ള സാഹചര്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും സി.ഐ.ടി.യുവും ശനിയാഴ്ച കൊണ്ടോട്ടി ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മോഡിഫിക്കേഷന്‍ നിയമങ്ങളുടെ പേരില്‍ സാധാരണ ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയും ആര്‍ടിഒ ഓഫീസുകളെ ചുറ്റിപ്പറ്റിയുള്ള ഏജന്റ് ഇടപെടലുകളും പ്രതിഷേധത്തില്‍ പ്രധാനമായി ഉയര്‍ത്തിക്കാട്ടുമെന്ന് സംഘടനകള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window