Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉമ്മത്തിന്റെ കായും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരില്‍ വില്‍പ്പന; ആമസോണ്‍, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് ഫുഡ് ലൈസന്‍സുകള്‍ റദ്ദാക്കി
reporter

ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിന്റെ കായും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വില്‍പ്പനയ്ക്കും വിതരണത്തിനും എത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആമസോണ്‍, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസന്‍സുകള്‍ കര്‍ണാടക സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കിയ നോട്ടീസിന് പിന്നാലെയും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഉമ്മത്തിന്റെ കായും വിത്തുകളും സംബന്ധിച്ച എല്ലാ പരസ്യങ്ങളും പ്രമോഷനുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി സൃഷ്ടിക്കുന്ന വസ്തുക്കള്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഉമ്മത്തിന്റെ കായിലും വിത്തുകളിലും മാരകമായ വിഷാംശമുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇവയുടെ കായോ പൂക്കളോ കഴിക്കുന്നത് ശ്വാസതടസം, തലകറക്കം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ചില സാഹചര്യങ്ങളില്‍ ജീവഹാനിയിലേക്കും നയിക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വിഷാംശമുള്ള വസ്തുക്കളുടെ വില്‍പ്പന, വിതരണം, വില്‍പ്പനയ്ക്കായുള്ള പ്രദര്‍ശനം, മനുഷ്യര്‍ക്ക് ഭക്ഷ്യയോഗ്യമാണെന്ന രീതിയിലുള്ള ഓണ്‍ലൈന്‍ പ്രചാരണം എന്നിവ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2006ലെ ഭക്ഷ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് ആമസോണ്‍, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് അനുവദിച്ചിരുന്ന ഫുഡ് ലൈസന്‍സുകള്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി റദ്ദാക്കിയത്. കമ്പനികളുടെ പ്രതിനിധികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട എഫ്ഡിഎ ഹിയറിങ്ങില്‍ ഹാജരാകണമെന്നും ആരോപണങ്ങളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. കമ്പനികളുടെ മറുപടിയും തുടര്‍പരിശോധനയും വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികളില്‍ തീരുമാനമെടുക്കുക.

 
Other News in this category

 
 




 
Close Window