തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നൂറുദിവസത്തെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍. വമ്പന്‍ പ്രഖ്യാപനങ്ങളും വാചകക്കസര്‍ത്തുകളും മാത്രമാണ് സര്‍ക്കാരിന്റെ ആദ്യ നൂറുദിവസത്തെ ഭരണത്തില്‍ കണ്ടതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേരളത്തില്‍ 'വിസ്മയം' സംഭവിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചെങ്കിലും അത്തരമൊരു മാറ്റം ഉണ്ടായിട്ടില്ലെന്ന് ഗോപകുമാര്‍ മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. ആദ്യ നൂറുദിവസത്തിനിടെ സര്‍ക്കാര്‍ 10,000 കോടി രൂപ കടമെടുത്തെന്നും പ്രതിദിനം ശരാശരി 100 കോടി രൂപ വീതം കടമെടുക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനം എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാരുകളുടെ പരാജയപ്പെട്ട നയങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റേതെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ മോശമായെന്നും ഗോപകുമാര്‍ ആരോപിച്ചു. പിഎസ്സി നിയമനങ്ങളില്‍ സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചുവെന്നും റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കുന്നതിനും പിന്‍വാതില്‍ നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ആദ്യ നൂറുദിവസത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരങ്ങളോടുള്ള സമീപനത്തിലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രീതിയാണ് വി.ഡി. സതീശന്‍ പിന്തുടരുന്നതെന്ന് ഗോപകുമാര്‍ വിമര്‍ശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും വിഹിതം അടച്ച പ്രവാസികള്‍ക്കുള്ള പെന്‍ഷനും വിവിധ ക്ഷേമനിധി പെന്‍ഷനുകളും കൃത്യമായി നല്‍കാനായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാര്‍ അറിയാതെ മുഖ്യമന്ത്രി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ടെന്നും ഇതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതായും ഗോപകുമാര്‍ ആരോപിച്ചു. മന്ത്രിസഭയ്ക്ക് പുറത്തുള്ള ചില കേന്ദ്രങ്ങളില്‍ തീരുമാനങ്ങളെടുത്ത് മുഖ്യമന്ത്രി നടപ്പാക്കുന്നുണ്ടോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. പി.എം.ശ്രീ പോലുള്ള കേന്ദ്ര പദ്ധതികളോട് സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും ഇതിന് പിന്നില്‍ മതസംഘടനകളുടെ സമ്മര്‍ദമാണെന്നും ഗോപകുമാര്‍ ആരോപിച്ചു. അതേസമയം വിഴിഞ്ഞം ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികളുടെ നേട്ടം സ്വന്തം പേരിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന വികസന ഫണ്ടുകള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നതിലും സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഗോപകുമാറിന്റെ വിലയിരുത്തല്‍. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ തൊഴിലാളികളിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിക്കുന്നതിലും വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും പൊലീസിനെയും സര്‍ക്കാര്‍ വകുപ്പുകളെയും രാഷ്ട്രീയവത്കരിച്ചതിലൂടെ ഭരണസ്തംഭനത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു. പിആര്‍ ഏജന്‍സികളുടെ പരസ്യങ്ങളിലൂടെയല്ല, ജനങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് ഒരു സര്‍ക്കാരിന്റെ വിജയം വിലയിരുത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരാശയും ആശങ്കയും മാത്രമാണ് സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നൂറുദിവസം പൂര്‍ത്തിയാകുമ്പോള്‍ ശേഷിക്കുന്നതെന്നും ഈ ഭരണരീതി കേരളത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ബി.ബി. ഗോപകുമാര്‍ വിലയിരുത്തി.