Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അറസ്റ്റ് രേഖപ്പെടുത്താതെ ചില സാഹചര്യങ്ങളില്‍ തടങ്കലില്‍ വയ്ക്കാം; ഹൈക്കോടതി
reporter

കൊച്ചി: കേസ് അന്വേഷണത്തിന്റെ ഭാഗമായി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഒരാളെ തടങ്കലില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്ന് ഹൈക്കോടതി. ലഹരിപദാര്‍ഥ വിരുദ്ധ നിയമം (എന്‍ഡിപിഎസ്), കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ), കസ്റ്റംസ് നിയമം തുടങ്ങിയവയിലെ വ്യവസ്ഥകള്‍ പ്രകാരം ഇത്തരം തടങ്കല്‍ നിയമപരമാകാമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. ബിഎന്‍എസ് വകുപ്പ് 179(1) പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കി അന്വേഷണത്തിനായി ഒരാളെ വിളിച്ചുവരുത്തുന്നതും നിയമവിരുദ്ധ കസ്റ്റഡിയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ അന്വേഷണത്തിന്റെ പേരിലുള്ള തടങ്കലും ഔദ്യോഗിക അറസ്റ്റും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്നും നിയമത്തില്‍ നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് തങ്ങളെ തടങ്കലില്‍ വച്ചെന്നും അറസ്റ്റ് രേഖപ്പെടുത്തിയശേഷം 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയില്ലെന്നും ആരോപിച്ച് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അന്വേഷണത്തിനായി ഒരാളെ തടങ്കലില്‍ വയ്ക്കുമ്പോള്‍ ബന്ധപ്പെട്ട നിയമപ്രകാരമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കണം. തടങ്കലില്‍ വച്ച സമയവും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ സമയവും പ്രത്യേകം കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും അറസ്റ്റിന്റെ കാരണങ്ങള്‍ പ്രതിയെ വ്യക്തമായി അറിയിക്കുകയും വേണം. അറസ്റ്റും തടങ്കലും സംബന്ധിച്ച നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് മജിസ്‌ട്രേറ്റ് പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നടപടിക്രമങ്ങളില്‍ നിയമലംഘനം കണ്ടെത്തിയാല്‍ പ്രതിയെ വിട്ടയയ്ക്കാന്‍ ഉത്തരവിടേണ്ടത് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്വമാണ്. റിമാന്‍ഡ് ഉത്തരവിലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് പരിഗണിച്ച ഹര്‍ജികളില്‍ കൊലപാതകക്കേസിലെ പ്രതിയായ മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്‍, ലഹരിമരുന്ന് കേസുകളിലെ പ്രതികളായ മൂവാറ്റുപുഴ സ്വദേശി അരുണ്‍ കെ. തോമസ്, കണ്ണൂര്‍ സ്വദേശി വി.എ. സര്‍ഫാസ്, മലപ്പുറം സ്വദേശി റഷാദ് മുഹമ്മദ്, കോഴിക്കോട് സ്വദേശി പി.കെ. മുഹമ്മദ് ആഷില്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. അതേസമയം ലഹരിമരുന്ന് കേസിലെ പ്രതിയായ തൃശൂര്‍ സ്വദേശി ടി.വി. അനീഷിന്റെ ഹര്‍ജി കോടതി അനുവദിച്ചു. ഇയാളെ തടഞ്ഞുവച്ച സമയം കൃത്യമായി രേഖപ്പെടുത്താതിരുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമ വീഴ്ചകള്‍ പരിഗണിച്ചാണ് ഹര്‍ജി അനുവദിച്ചത്.

 
Other News in this category

 
 




 
Close Window