തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളും ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും പ്രതിസന്ധിയിലാകുന്നതായി ആക്ഷേപം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഫീല്‍ഡ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിഐപി സുരക്ഷാ-പ്രോട്ടോക്കോള്‍ ഡ്യൂട്ടികള്‍ക്കായി പതിവായി നിയോഗിക്കുന്നതാണ് പരിശോധനകള്‍ക്ക് തിരിച്ചടിയാകുന്നതെന്നാണ് വകുപ്പുതലത്തില്‍ ഉയരുന്ന പരാതി. മുഖ്യമന്ത്രിയുടെ യാത്രകളോടനുബന്ധിച്ച് വിമാനത്താവളങ്ങളിലും കനകക്കുന്ന് കൊട്ടാരം ഉള്‍പ്പെടെയുള്ള വേദികളിലെ പരിപാടികളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇതോടെ മുന്‍കൂട്ടി നിശ്ചയിച്ച പരിശോധനകളും മറ്റ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടാകുന്നതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലാകെ ഭക്ഷ്യസുരക്ഷാ പരിശോധനകളും റെയ്ഡുകളും നടത്താന്‍ നിലവില്‍ 16 ഫീല്‍ഡ് ഓഫീസര്‍മാര്‍ മാത്രമാണുള്ളത്. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതുമാര്‍ക്കറ്റുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെ പരിശോധന മുതല്‍ പരാതികളിലെ അന്വേഷണം, ഭക്ഷ്യസാമ്പിളുകളുടെ ശേഖരണം, നിയമനടപടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ വരെ ഈ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യേണ്ടത്. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കുറഞ്ഞത് 50 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ആവശ്യമുണ്ടെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. ഇതിനിടെയാണ് നിലവിലുള്ള പരിമിതമായ ജീവനക്കാരില്‍നിന്നും ഒരു വിഭാഗത്തെ വിഐപി ഡ്യൂട്ടികള്‍ക്കായി നിയോഗിക്കുന്നത്.
വിമാനത്താവളത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന വിവിധ പരിപാടികളിലും തുടര്‍ച്ചയായി ഡ്യൂട്ടി ലഭിക്കുന്നതോടെ പതിവ് പരിശോധനകള്‍ ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടിവരുന്നതായാണ് പരാതി. മാസത്തില്‍ ലക്ഷ്യമിടുന്ന പരിശോധനകളില്‍ 80 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തില്‍ മായം ചേര്‍ത്തിട്ടുണ്ടോ, നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോ, അണുബാധയ്ക്ക് സാധ്യതയുണ്ടോ തുടങ്ങിയവ ശാസ്ത്രീയമായി കണ്ടെത്തുന്നതിനുള്ള 'ടാര്‍ഗെറ്റഡ് സാംപിളിങ്' നടപടികളെയാണ് ജീവനക്കാരുടെ കുറവ് പ്രധാനമായും ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍. പരിശോധനകള്‍ കൃത്യമായി നടത്താനും മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സമയബന്ധിതമായി നിയമനടപടി സ്വീകരിക്കാനും കഴിയാത്ത സാഹചര്യം പൊതുജനാരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രധാന ചുമതലയായ ഫീല്‍ഡ് പരിശോധനകള്‍ തടസ്സപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥരെ സ്ഥിരം വിഐപി ഡ്യൂട്ടികളില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.