Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
25 വര്‍ഷം സ്വന്തം വീട്ടംഗമായി കരുതി; വൈദികന്റെ വീട്ടില്‍ പായമ്മയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
reporter

കൊച്ചി: കാല്‍നൂറ്റാണ്ടോളം സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ ചേര്‍ത്തുനിര്‍ത്തിയ പായമ്മയ്ക്ക് വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം യാത്രാമൊഴി. ചോറ്റാനിക്കര അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ.ജെ. ജേക്കബിന്റെ വീട്ടില്‍ 25 വര്‍ഷമായി സഹായിയായി കഴിയുകയായിരുന്ന പാര്‍വതി എന്ന പായമ്മയാണ് 88-ാം വയസില്‍ അന്തരിച്ചത്. സ്വന്തം മതവിശ്വാസവും ആചാരങ്ങളും മാനിച്ചാണ് വൈദികനും കുടുംബവും പാര്‍വതിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സൗകര്യമൊരുക്കിയത്. കോളജ് പ്രൊഫസര്‍ കൂടിയായിരുന്ന ഫാ. ജേക്കബിന്റെ ഭാര്യയുടെ മരണശേഷം മകള്‍ മെറിനെ പരിചരിക്കാനായാണ് പാര്‍വതി വീട്ടിലെത്തിയത്. അടുത്ത ബന്ധുക്കള്‍ അധികമില്ലാതിരുന്ന പാര്‍വതിയെ വര്‍ഷങ്ങള്‍ക്കിടെ വീട്ടുജോലിക്കാരിയെന്നതിലുപരി കുടുംബത്തിലെ ഒരംഗമായാണ് വൈദികനും മകളും കരുതിയത്.

വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചവരെ വീട്ടുകാര്യങ്ങളില്‍ സജീവമായിരുന്നു പാര്‍വതി. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. മരണത്തിന് പിന്നാലെ മൃതദേഹം അന്നുരാത്രി തന്നെ ഫാ. ജേക്കബിന്റെ വസതിയിലെത്തിച്ചു. തിങ്കളാഴ്ച വീട്ടില്‍വച്ചുതന്നെ ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാരച്ചടങ്ങുകള്‍ നടത്തി. ചടങ്ങുകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഫാ. ജേക്കബും കുടുംബവും ചേര്‍ന്നാണ് ഒരുക്കിയത്. പാര്‍വതിയുടെ ബന്ധുവായ സജീവ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മൃതദേഹം എരുവേലി ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മന്ത്രി അനൂപ് ജേക്കബ് ഉള്‍പ്പെടെ നിരവധി പേര്‍ വീട്ടിലെത്തി പായമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മതത്തിന്റെ അതിരുകള്‍ക്കപ്പുറം സ്‌നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി മാറിയ ഈ യാത്രാമൊഴി പ്രദേശവാസികള്‍ക്കും ഹൃദയസ്പര്‍ശിയായ അനുഭവമായി.

 
Other News in this category

 
 




 
Close Window