കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഒഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഞായറാഴ്ച അവസാനിക്കും. പുതിയ സ്ഥിരം മാനേജിങ് ഡയറക്ടറെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയ്ക്ക് കെഎംആര്‍എല്ലിന്റെ താല്‍ക്കാലിക ചുമതല നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 2021 ഓഗസ്റ്റിലാണ് ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ തലപ്പത്തെത്തിയത്. തുടര്‍ന്ന് മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് രണ്ടുതവണ അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ബെഹ്റയ്ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെഹ്റയുടെ കാലയളവിലാണ് കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണതോതില്‍ യാഥാര്‍ഥ്യമായത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈന്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരുടെ പേരുകള്‍ ബെഹ്റയുടെ പകരക്കാരായി പരിഗണിക്കുന്നുണ്ടെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2004 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമുള്‍പ്പെടെ വിവിധ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. 2025 ഏപ്രിലിലാണ് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചത്. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ 2016 ഫെബ്രുവരിയിലാണ് വിരമിച്ചത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പുതിയ എംഡിയെ സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന.