കൊച്ചി: കോളജ് അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി ടെലഗ്രാമിലൂടെ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്‌തെന്ന പരാതിയില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയും തിരുവനന്തപുരം സ്വദേശിയുമായ ശ്രീഹരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളജിലെ വിവിധ പരിപാടികളുടെ വിഡിയോ ദൃശ്യങ്ങളില്‍നിന്ന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ഇവ അശ്ലീല സ്വഭാവമുള്ള ചിത്രങ്ങളാക്കി ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും പണം വാങ്ങി വില്‍ക്കുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത നിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. അധ്യാപകര്‍ ക്ലാസ് എടുക്കുന്നതിനിടെയുള്ള ചിത്രങ്ങളും മോര്‍ഫിങ്ങിന് ഉപയോഗിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫോണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വില്‍ക്കുന്നതിനായി ടെലഗ്രാം ഗ്രൂപ്പുകളാണ് ഉപയോഗിച്ചിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങളും ചാറ്റുകളും ലഭിച്ചതായും പൊലീസ് പറയുന്നു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നതിനായി ടെലഗ്രാമിലെ പ്രത്യേക ചാറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. കൈവശമുണ്ടായിരുന്ന ചിത്രങ്ങള്‍ ഇത്തരം ചാറ്റുകളിലേക്ക് അയച്ചുനല്‍കുകയും പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ തിരികെ ലഭിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് പ്രചരിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജില്‍നിന്ന് പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു. കെഎസ്യു യൂണിറ്റ് മീഡിയ കോഓര്‍ഡിനേറ്ററും വിഡിയോ എഡിറ്ററുമായിരുന്ന ശ്രീഹരിയെ സംഭവം പുറത്തുവന്നതിന് പിന്നാലെ സംഘടനയില്‍നിന്നും പുറത്താക്കിയതായി കെഎസ്യു ഭാരവാഹികളും അറിയിച്ചു.