Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നേപ്പാള്‍ മിന്നല്‍പ്രളയം: 49 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായില്ല; ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു
reporter

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവരില്‍ 49 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 310 വിദേശികളെയും കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ട്. ദുരന്തബാധിത നേപ്പാളിലേക്കുള്ള ഇന്ത്യയുടെ നാലാമത്തെ സഹായവിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. നേപ്പാളില്‍ വിനോദയാത്രയ്ക്കുപോയ 38 അംഗ മലയാളി സംഘത്തിലെ 31 പേര്‍ ഞായറാഴ്ച പുലര്‍ച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. നേപ്പാളില്‍ കുടുങ്ങിയിരുന്ന 16 മലയാളികള്‍ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ശേഷിക്കുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

അതേസമയം, നേപ്പാളിലെ മിന്നല്‍പ്രളയത്തിന് പിന്നാലെ ബിഹാറിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിന്നായി ഇതിനകം 5,600 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കിഴക്കന്‍ ചമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, സീതാമര്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്‌നയില്‍ ഗംഗാനദിയിലെ ജലനിരപ്പ് ചില ഭാഗങ്ങളില്‍ അപകടനിലയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഒഴിപ്പിക്കപ്പെട്ടവര്‍ക്കായി താല്‍ക്കാലിക താമസസൗകര്യം ഒരുക്കുന്നതിനായി 2,327 പ്ലാസ്റ്റിക് ഷീറ്റുകള്‍ വിതരണം ചെയ്തു. ദുരിതബാധിതര്‍ക്കായി ഏഴ് കമ്മ്യൂണിറ്റി അടുക്കളകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ദേശീയ ദുരന്തനിവാരണ സേനാ (എന്‍ഡിആര്‍എഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നദികളിലെ ജലനിരപ്പും കരകവിഞ്ഞൊഴുകാനുള്ള സാധ്യതയും നിരീക്ഷിക്കുന്നതിനായി ഓരോ മൂന്ന് കിലോമീറ്ററിലും ഹോം ഗാര്‍ഡുകള്‍, എന്‍ജിനീയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. നേപ്പാളിലെ പ്രളയസ്ഥിതിയും ബിഹാറിലെ നദീജലനിരപ്പും തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായിടത്ത് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window