തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തീവ്രവും ശക്തവുമായ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ആറു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശേഷിക്കുന്ന ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
നേരത്തെ ചില ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം ശക്തമായതോടെയാണ് മുന്നറിയിപ്പ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. അതേസമയം, തിരുവോണ ദിവസമായ നാളെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപമുള്ള ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായാണ് നിലവില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനമാണ് കേരളത്തിലും മഴ ശക്തമാകാന്‍ കാരണമാകുന്നത്. മലയോര മേഖലകളിലും മഴ ശക്തമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.