Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റു; യുവാവിന് 18,000 രൂപ നല്‍കാന്‍ ഉത്തരവ്
reporter

കാസര്‍കോട്: സിനിമ കാണുന്നതിനിടെ തിയേറ്ററിനുള്ളില്‍ വച്ച് എലിയുടെ കടിയേറ്റ യുവാവിന് 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ വ്യവഹാരച്ചെലവും നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. തിയേറ്റര്‍ മാനേജ്‌മെന്റിനെതിരായ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ പ്രസിഡന്റ് കെ. കൃഷ്ണന്‍, അംഗം കെ.ജി. ബീന എന്നിവര്‍ ഉത്തരവിട്ടത്. തിയേറ്ററിനുള്ളില്‍ ഉപഭോക്താവിന് എലിയുടെ കടിയേറ്റത് ഗൗരവമേറിയ സംഭവമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കേണ്ടത് തിയേറ്റര്‍ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ ഗുരുതരമായ സേവനവീഴ്ച ഉണ്ടായിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. സുഹൃത്തിനൊപ്പം കാസര്‍കോട്ടെ തിയേറ്ററില്‍ രാത്രി 7.30നുള്ള ഷോ കാണാനെത്തിയപ്പോഴാണ് പരാതിക്കാരന് എലിയുടെ കടിയേറ്റത്. സിനിമ അവസാനിക്കാറായ സമയത്തായിരുന്നു സംഭവം. ഉടന്‍ തിയേറ്റര്‍ കൗണ്ടറില്‍ വിവരം അറിയിച്ചെങ്കിലും ജീവനക്കാര്‍ പരാതിയെ ഗൗരവമായി എടുത്തില്ലെന്നാണ് യുവാവിന്റെ ആരോപണം.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ടെറ്റനസ് കുത്തിവെപ്പും പേവിഷബാധയ്‌ക്കെതിരായ വാക്‌സിനും നല്‍കി. ചികിത്സയ്ക്കായി 1,500 രൂപ ചെലവായെന്നും തിയേറ്റര്‍ മാനേജര്‍ 1,000 രൂപ മാത്രമാണ് നല്‍കിയതെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ചികിത്സയ്ക്കുള്ള ചെലവ് ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് അവഗണിച്ചതിനെ തുടര്‍ന്നാണ് 20,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ പരാതി വ്യാജമാണെന്നായിരുന്നു തിയേറ്റര്‍ മാനേജ്‌മെന്റിന്റെ വാദം. സംഭവം നടന്നതായി പറയുന്ന ദിവസം പരാതിക്കാരന്‍ തിയേറ്ററില്‍ എത്തിയിട്ടില്ലെന്നും എലി കടിച്ചതായി കൗണ്ടറിലോ ജീവനക്കാരോടോ ആരും പരാതി പറഞ്ഞിട്ടില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ശുചിത്വം പാലിച്ച് പ്രവര്‍ത്തിക്കുന്ന തിയേറ്ററിനെതിരെ സമാനമായ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ വാദിച്ചു.

അതേസമയം പരാതിക്കാരന്‍ ഹാജരാക്കിയ സിനിമാ ടിക്കറ്റ്, ആശുപത്രി രേഖകള്‍, ചികിത്സാ ബില്ലുകള്‍ തുടങ്ങിയ തെളിവുകള്‍ കമ്മീഷന്‍ അംഗീകരിച്ചു. ടിക്കറ്റ് ഉപയോഗിച്ച് പരാതിക്കാരന്‍ തിയേറ്ററില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ആശുപത്രിയില്‍ ചികിത്സ തേടുകയും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും രേഖകളില്‍ നിന്ന് വ്യക്തമായതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സിനിമ ആസ്വദിക്കാനും സന്തോഷത്തോടെ സമയം ചെലവഴിക്കാനുമാണ് ആളുകള്‍ തിയേറ്ററുകളില്‍ എത്തുന്നത്. അത്തരമൊരു സ്ഥലത്ത് എലിയുടെ കടിയേല്‍ക്കുന്നത് ഗൗരവമുള്ള സുരക്ഷാ പ്രശ്‌നമാണെന്നും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ട ബാധ്യത മാനേജ്‌മെന്റിനുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരന് ശാരീരിക വേദനയ്‌ക്കൊപ്പം മാനസിക ബുദ്ധിമുട്ടും ചികിത്സാച്ചെലവും ഉണ്ടായതായി കമ്മീഷന്‍ വിലയിരുത്തി. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതിച്ചെലവും നല്‍കാനാണ് തിയേറ്റര്‍ മാനേജ്‌മെന്റിന് നിര്‍ദേശം. തിയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള വിനോദകേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ശുചിത്വവും സുരക്ഷയും ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും എലി ശല്യം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതില്‍ പരാജയപ്പെടുന്നത് സേവനത്തിലെ വീഴ്ചയായി കണക്കാക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window