Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2157 INR  1 EURO=110.5094 INR
ukmalayalampathram.com
Sun 30th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍
reporter

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, അപമര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്ത അനിലിനെ ശനിയാഴ്ച രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. ചെമ്പഴന്തിയില്‍ നടന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ചേന്തിയില്‍വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതെന്നാണ് പൊലീസ് കേസ്. ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിന പരിപാടിയുടെ സംഘാടകരായ ഒരു സംഘം ആളുകള്‍ അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിര്‍ത്തിയെന്നും തുടര്‍ന്ന് മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനം താന്‍ തടഞ്ഞിട്ടില്ലെന്നാണ് ചേന്തി അനിലിന്റെ വിശദീകരണം. വാഹനവ്യൂഹത്തിന് കൈകാണിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയെന്നും പിന്നീട് ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്നും അനില്‍ പറയുന്നു. ചേന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകുന്നതാണ് സംഘാടകരുടെ പ്രതിഷേധത്തിന് കാരണമായത്. ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മാസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രിയുടെ സമയം തേടിയിരുന്നുവെന്നും പങ്കെടുക്കുമെന്ന പ്രതീക്ഷയില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നുമാണ് സംഘാടകരുടെ വാദം. അതേസമയം, ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന വിവരം സംഘാടകരെ മുന്‍കൂട്ടി അറിയിച്ചിരുന്നതായാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.

ചേന്തിവഴി ചെമ്പഴന്തിയിലേക്ക് പോകുന്നതിനിടെ സംഘാടകര്‍ കൈകാണിച്ചതോടെ മുഖ്യമന്ത്രി വാഹനത്തില്‍നിന്ന് ഇറങ്ങിയെന്നാണ് വിവരം. പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം സംഘാടകര്‍ മുന്നോട്ടുവച്ചെങ്കിലും മുഖ്യമന്ത്രി അത് അംഗീകരിച്ചില്ല. തുടര്‍ന്ന് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായെന്നും അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയെന്നുമാണ് പൊലീസ് ആരോപണം. സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ മാറ്റിയാണ് വാഹനവ്യൂഹത്തിന് യാത്ര തുടരാന്‍ സൗകര്യമൊരുക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ചേന്തിയിലെ ചതയദിനാഘോഷ പരിപാടി പിന്നീട് സംഘാടകര്‍ റദ്ദാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ചേന്തി അനിലിനെതിരെ കേസെടുത്ത പൊലീസ് അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 
Other News in this category

 
 




 
Close Window