Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8445 INR  1 EURO=109.878 INR
ukmalayalampathram.com
Fri 04th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുന്നംകുളം കസ്റ്റഡി മര്‍ദനം: 'ഒരു വര്‍ഷമായിട്ടും നീതിയില്ല'; യുഡിഎഫ് സര്‍ക്കാരിനെതിരെ തുറന്ന കത്തുമായി വി.എസ്. സുജിത്ത്
reporter

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നീതി ലഭിച്ചിട്ടില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും മര്‍ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ച് സുജിത്ത് സമൂഹമാധ്യമത്തില്‍ തുറന്ന കത്ത് പങ്കുവച്ചു. കസ്റ്റഡി മര്‍ദനത്തിന് പിന്നാലെ നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സുജിത്ത് പറയുന്നു. ആ വാക്കുകളില്‍ വിശ്വസിച്ചാണ് താനും കുടുംബവും ഒരു വര്‍ഷമായി കാത്തിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. അന്ന് പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയായെന്നും മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയായെന്നും മറ്റൊരാള്‍ കെപിസിസി പ്രസിഡന്റായി തുടരുകയാണെന്നും സുജിത്ത് ചൂണ്ടിക്കാട്ടി. എന്നാല്‍ മര്‍ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു, അന്വേഷണം എവിടെയെത്തി, നടപടി വൈകുന്നതിന് പിന്നിലെ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

''അന്ന് 'കൂടെയുണ്ടാകും' എന്ന് പറഞ്ഞ നേതാക്കള്‍ ഇന്ന് എവിടെയാണ്? അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്?'' എന്നും സുജിത്ത് ചോദിച്ചു. തന്റെ പോരാട്ടം വ്യക്തിപരമായ നീതിക്ക് വേണ്ടി മാത്രമല്ലെന്നും നാളെ ഏതൊരു സാധാരണക്കാരനും നേരിടേണ്ടിവരാവുന്ന അനീതിക്കെതിരായ പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സംരക്ഷണമല്ല, നീതിയാണ് ആവശ്യപ്പെടുന്നതെന്നും വാഗ്ദാനങ്ങള്‍ക്ക് പകരം നടപടിയാണ് വേണ്ടതെന്നും സുജിത്ത് പറഞ്ഞു. ''ഒരു വര്‍ഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്? 'ഞങ്ങള്‍ കൂടെയുണ്ട്' എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ് ഒരിക്കലെങ്കിലും പ്രവര്‍ത്തിച്ച് കാണിക്കൂ. നീതി വൈകുന്നത് കാക്കിയിട്ട മര്‍ദകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുത്,'' എന്നായിരുന്നു തുറന്ന കത്തിലെ വിമര്‍ശനം. കുന്നംകുളം പൊലീസ് ലോക്കപ്പില്‍ തനിക്ക് നേരിട്ടെന്ന് ആരോപിക്കുന്ന മര്‍ദനത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് 'ഇന്നേക്ക് ഒരു വര്‍ഷം' എന്ന തലക്കെട്ടില്‍ സുജിത്ത് തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് അദ്ദേഹം വീണ്ടും സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window