Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.4048 INR  1 EURO=109.4691 INR
ukmalayalampathram.com
Thu 03rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അനാശാസ്യ കേന്ദ്രങ്ങളിലെ ഇടപാടുകാര്‍ക്കെതിരെയും കേസെടുക്കാം: ഹൈക്കോടതി
reporter

കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളില്‍ എത്തി പണം നല്‍കി ലൈംഗിക സേവനം തേടുന്ന ഇടപാടുകാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ കുറ്റക്കാരല്ലെന്ന മുന്‍ ഉത്തരവുകള്‍ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കി. അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ ലൈംഗിക സേവനം പണം നല്‍കി വാങ്ങാന്‍ തയ്യാറാകുന്നവരെ ലക്ഷ്യമിട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തിയുടെ പണമിടപാട് വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന ഘടകമായി കണക്കാക്കാമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഒരാളെ വെറും 'ഉപഭോക്താവ്' എന്ന നിലയില്‍ കണ്ട് നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനാകില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണത്തില്‍ ഇടപാടുകാരന് പങ്കില്ലെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. വാണിജ്യപരമായ ലൈംഗിക ചൂഷണം തടയുകയാണ് അനാശാസ്യം തടയല്‍ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളില്‍നിന്ന് വ്യത്യസ്ത ഉത്തരവുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നിയമപ്രശ്‌നത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. അനാശാസ്യ കേന്ദ്രങ്ങളിലെ ഇടപാടുകാര്‍ കുറ്റക്കാരല്ലെന്ന നിലപാടെടുത്ത മുന്‍ ഉത്തരവുകളാണ് ഡിവിഷന്‍ ബെഞ്ച് അസാധുവാക്കിയത്.

സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണമാണ് ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പലപ്പോഴും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ രംഗത്തെത്തുന്ന ലൈംഗിക തൊഴിലാളികള്‍ വാണിജ്യ ചൂഷണത്തിന്റെ ഇരകളായി മാറുമ്പോള്‍ സാമ്പത്തിക നേട്ടം കൈവരിക്കുന്നത് കേന്ദ്രങ്ങളുടെ നടത്തിപ്പുകാരാണെന്നും കോടതി വ്യക്തമാക്കി. ലൈംഗിക സേവനം തേടി ആളുകള്‍ എത്താതിരുന്നാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. അതിനാല്‍ സ്വമേധയാ ഇത്തരം കേന്ദ്രങ്ങളിലെത്തി പണം നല്‍കി ലൈംഗിക സേവനം ഉപയോഗിക്കുന്നവര്‍ വാണിജ്യ ഇടപാടിലെ സജീവ പങ്കാളികളാണെന്നും ഹൈക്കോടതി വിലയിരുത്തി.

 
Other News in this category

 
 




 
Close Window